ഡൽഹി കെട്ടിട ദുരന്തം: ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ കെട്ടിട ദുരന്തത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് നടപടി സ്വീകരിച്ചത്.
സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാർ, സൂപ്രണ്ടിങ് എൻജിനീയർ രൺവീർ സിങ്, എക്സിക്യൂട്ടീവ് എൻജിനീയർ ലളിത് കുമാർ ഗോയൽ, അസിസ്റ്റന്റ് എൻജിനീയർ സുനിൽ ചൗഹാൻ, ജൂനിയർ എൻജിനീയർ ആശിഷ് കുമാർ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. എം.സി.ഡി കമ്മീഷണറുടെ നിർദേശപ്രകാരം വിജിലൻസ് വിഭാഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്നലെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള അഞ്ച് നില കെട്ടിടം തകർന്നത്. സർവകലാശാല വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് സത്യനികേതൻ. അപകടത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തകർന്ന കെട്ടിടത്തിന് സമീപത്തെ കെട്ടിടത്തിനും ബലക്ഷയമുണ്ടായിട്ടുണ്ട്. രാത്രി മുഴുവൻ ബലപ്പെടുത്തൽ നടത്തിയെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനകം നിയന്ത്രിത രീതിയിൽ പൊളിക്കുമെന്ന് എം.സി.ഡി കമ്മീഷണർ സഞ്ജീവ് ഖിർവാർ പറഞ്ഞു.
ആഗസ്റ്റിൽ ഇതേ മേഖലയിൽ മൂന്നും നാലും കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 960 അനധികൃത നിർമാണങ്ങൾ പൊളിച്ച്മാറ്റാനും 407 കെട്ടിടങ്ങൾ സീൽ ചെയ്യാനും 1500 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
ഒളിവിലായിരുന്ന കെട്ടിട ഉടമ ഹരിറാം ബൻസാലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മുഖ്യമന്ത്രി രേഖ ഗുപ്ത തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. പി.ജി, നഴ്സിങ് ഹോം, സ്കൂൾ ഉൾപ്പെടെ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ സ്ട്രക്ചറൽ ഓഡിറ്റും സുരക്ഷാ സർട്ടിഫിക്കേഷനും നിർബന്ധമാക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.