‘എന്റെ വിരമിക്കലിനായി കാത്തിരിക്കുകയാണോ?’; ആരവല്ലി സമിതിയുടെ സമയപരിധി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ ഏകീകൃത നിർവചനം രൂപീകരിക്കാൻ നിയോഗിച്ച ഉന്നതധികാര സമിതിയുടെ സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. സമിതിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം 2027 ഫെബ്രുവരി വരെ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ‘ഞാൻ വിരമിക്കുന്നതുവരെ കാത്തിരിക്കാനാണോ അവർ ഉദ്ദേശിക്കുന്നത്?’ എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയോട് വാക്കാൽ പരാമർശിച്ചു.
സമിതിയുടെ ദീർഘിപ്പിച്ചുള്ള ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ബെഞ്ച്, 2026 നവംബർ 30-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദേശം നൽകി. ഇതിനായി സമിതി അംഗങ്ങൾ ആവശ്യമെങ്കിൽ രാപ്പകൽ എന്നില്ലാതെ പ്രവർത്തിക്കണമെന്നും, ഇനി യാതൊരുവിധ നീട്ടിക്കൊടുക്കലുകളും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ആരവല്ലി മലനിരകളെ ശാസ്ത്രീയമായി നിർവചിക്കുന്നതിനും ഖനന പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഫോസ്ട്രറി റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ ജനറൽ കഞ്ചൻ ദേവിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതിയെ രൂപീകരിച്ചത്. കൂടുതൽ ഡാറ്റ ശേഖരണവും ഫീൽഡ് പരിശോധനകളും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സമിതി 2027 ഫെബ്രുവരി 28 വരെ സമയം നീട്ടി ചോദിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാതെ നിർണായക വിഷയങ്ങളിൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച മുൻ ഉത്തരവുകൾ വലിയ വിവാദങ്ങൾക്കും പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾക്കും കാരണമായിരുന്നു. 100 മീറ്റർ ഉയരമുള്ള ഭൂപ്രദേശങ്ങളെ മാത്രം മലകളായി കണക്കാക്കാനുള്ള മുൻ നിർദേശം പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ചെറിയ കുന്നുകളെയും പ്രദേശങ്ങളെയും ഖനനത്തിന് തുറന്നുകൊടുക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. തുടർന്നാണ് സുപ്രീം കോടതി സ്വമേധയാ ഇടപെടുകയും മുൻ ഉത്തരവുകൾ മരവിപ്പിച്ച് പുതിയ സമിതിക്ക് രൂപം നൽകുകയും ചെയ്തത്. സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മേഖലയിൽ പുതിയ ഖനനാനുമതികളോ പാട്ടക്കരാർ പുതുക്കലുകളോ നൽകരുതെന്ന മുൻ ഉത്തരവ് കോടതി കർശനമായി തുടരുകയാണ്. കേസ് ഡിസംബർ 2 ന് കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.