സ്ത്രീകൾക്കെതിരായ അധിക്ഷേപം അനുവദിക്കില്ല; ഉദയനിധി-തൃഷ വിവാദത്തിനിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്
ചെന്നൈ: സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമ സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷ കൃഷ്ണനെതിരെ നടത്തിയ ദ്വയാർഥ പരാമർശ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിങ്കളാഴ്ച തമിഴ്നാട് നിയമസഭയിൽ നടന്ന ചർച്ചക്കിടെയായിരുന്നു വിജയ് സ്ത്രീകളുടെ സുരക്ഷയും ബഹുമാനവും സംബന്ധിച്ച തന്റെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമാണ് തന്റെ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നെന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിൽ സ്ത്രീകളുടെ വലിയ പിന്തുണയുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുന്നതോ അപമാനിക്കുന്നതോ ആയ ഭാഷ ഞാൻ ഒരിക്കലും സഹിക്കില്ല. രാഷ്ട്രീയ രംഗത്ത് കടുത്ത വിമർശനങ്ങൾ ഉണ്ടാകാം. എന്നാൽ സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്ക് ജനാധിപത്യ രാഷ്ട്രീയത്തിൽ സ്ഥാനമില്ല,” വിജയ് നിയമസഭയിൽ പറഞ്ഞു.
വിജയ് യെയും നടി തൃഷ കൃഷ്ണനെയും ബന്ധപ്പെടുത്തി ഉദയനിധി നടത്തിയ ദ്വയാർഥ പരാമർശങ്ങൾ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെ വിവിധ വനിതാ സംഘടനകളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിവാദം ശക്തമായതിനെ തുടർന്ന് തമിഴ്നാട് പൊലീസ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മദ്രാസ് ഹൈകോടതിയുടെ ഇടപെടലിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.