തമിഴ് മണ്ണിൽ വിജയ് തരംഗം; രാഷ്ട്രീയ കളിക്കളത്തിൽ ടി.വി.കെയെ മുന്നിലെത്തിച്ച 'മാസ്റ്റർ പ്ലാൻ' ഇതാണ്...

ചെന്നൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള ദ്രാവിഡ ഭരണത്തിന് തടയിട്ട് തമിഴക വെട്രി കഴകത്തിന്റെ വിജയ് തരംഗം. 118 സീറ്റുകൾ എന്ന കേവല ഭൂരിപക്ഷത്തിലേക്ക് വിജയ് കുതിക്കുമ്പോൾ, കരുത്തരായ ഡി.എം.കെയെ 60 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെയെ 47 സീറ്റുകളിലേക്കും ചുരുക്കാൻ ടി.വി.കെക്ക് സാധിച്ചു. ഈ വിജയം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് വർഷങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിന്റെയും ആറ് ഘട്ടങ്ങളിലായി പടുത്തുയർത്തിയ രാഷ്ട്രീയ തന്ത്രത്തിന്റെയും ഫലമാണ്.

ടി.വി.കെയെ വിജയത്തിലേക്ക് നയിച്ച 'മാസ്റ്റർ പ്ലാൻ'

ആരാധകക്കൂട്ടം അടിത്തറയായി മാറി

ആരാധക സംഘടനകളെ വെറും സിനിമ പ്രമോഷൻ ഗ്രൂപ്പുകളായല്ല വിജയ് കണ്ടത്. രക്തദാന കാമ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാർഥികൾക്കായുള്ള സഹായങ്ങൾ എന്നിവയിലൂടെ ഓരോ വീടുകളിലേക്കും ആരാധന സംഘടനകൾ നേരിട്ടെത്തി. വോട്ടർമാരെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന രീതിക്ക് പകരം, അവരുമായി വർഷങ്ങളായുള്ള ആത്മബന്ധം ടി.വി.കെ പ്രവർത്തകർ സ്ഥാപിച്ചെടുത്തു.

2021ലെ 'നിശബ്ദ' പരീക്ഷണം

ഔദ്യോഗികമായി പാർട്ടി രൂപീകരിക്കുന്നതിന് മുൻപ് 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ് തന്റെ കരുത്ത് പരീക്ഷിച്ചു. ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സ്വതന്ത്രരായി മത്സരിച്ച 169 സീറ്റുകളിൽ 115ലും വിജയിച്ചു. ഒരു പാർട്ടി ചിഹ്നമില്ലാതെ തന്നെ ജനവിശ്വാസം നേടിയെടുക്കാമെന്ന് ഇത് തെളിയിച്ചു.

പ്രൊഫഷണൽ രീതിയിലുള്ള കേഡർ നിർമാണം

ആവേശം മാത്രം പോരാ, അച്ചടക്കം വേണമെന്ന് നിർബന്ധമുള്ള വിജയ്, കോർപ്പറേറ്റ് ശൈലിയിലുള്ള പരീക്ഷണങ്ങളിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഓരോ വാർഡ് ഇൻചാർജിനെയും ബൂത്ത് ഏജന്റിനെയും കൃത്യമായ അഭിമുഖങ്ങളിലൂടെയും പശ്ചാത്തല പരിശോധനയിലൂടെയും നിയമിച്ചു.

'വിസിൽ' മുഴങ്ങുന്നു; തന്ത്രപരമായ പ്രചാരണം

പാർട്ടി ചിഹ്നമായ വിസിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ടി.വി.കെ സ്വീകരിച്ചത് വേറിട്ട വഴികളാണ്. വീടുകൾക്ക് മുന്നിലെ കോലങ്ങളിൽ പോലും വിസിൽ ചിഹ്നം ഇടംപിടിച്ചു. സോഷ്യൽ മീഡിയയിലൂടെയും ഓഫ്‌ലൈനായും ഈ ചിഹ്നം അതിവേഗം തമിഴകത്തെ ഓരോ കുടുംബത്തിലും പരിചിതമായി.

ശക്തമായ വാട്സാപ്പ് ശൃംഖല

വർഷങ്ങളായി സജീവമായ വാട്സാപ്പ് ഗ്രൂപ്പുകളെ പ്രചാരണത്തിനുള്ള പ്രധാന ആയുധമാക്കി മാറ്റി. താഴെത്തട്ടിലെ വിവരങ്ങൾ വിജയ്‍യുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയിലേക്ക് എത്തുകയും, മറുപടി നിർദ്ദേശങ്ങൾ ഉടൻ തന്നെ താഴേക്ക് നൽകുകയും ചെയ്യുന്ന 'ഫീഡ്‌ബാക്ക് ലൂപ്പ്' ടി.വി.കെയുടെ കരുത്തായി.

'അനിൽ' പടയുടെ തിരിച്ചുവരവ്

വിജയ് ആരാധകരെ പരിഹസിക്കാൻ എതിരാളികൾ ഉപയോഗിച്ചിരുന്ന 'അനിൽ' (അണ്ണാൻ) എന്ന പേര് അവർ അഭിമാനത്തോടെ ഏറ്റെടുത്തു. രാമായണത്തിൽ സേതുബന്ധനത്തിനായി സഹായിച്ച അണ്ണാനെപ്പോലെ, തങ്ങളുടെ ചെറിയ പരിശ്രമങ്ങൾ വലിയ വിജയത്തിലേക്ക് നയിക്കുമെന്ന് അവർ വിശ്വസിച്ചു. ആ പേര് ഇന്ന് തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ അടയാളമായി മാറിയിരിക്കുന്നു.

അഴിമതിരഹിത ഭരണം, യുവാക്കൾക്കും സ്ത്രീകളുടേയും ക്ഷേമം എന്നിവയിൽ ഊന്നിയുള്ള വിജയ്‍യുടെ രാഷ്ട്രീയ പരീക്ഷണത്തിന് തമിഴ് മക്കൾ ഈ തെരഞ്ഞെടുപ്പോടെ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സിനിമയിലെ സൂപ്പർതാരത്തിൽ നിന്നും തമിഴ്നാടിന്റെ ഭരണസാരഥിയിലേക്കുള്ള ദൂരം വിജയ് താണ്ടുന്നത് കൃത്യമായ സംഘടനാ മികവിലൂടെയാണ്. അതാണ് ടി.വി.കെയുടെ അടിത്തറയും.

Tags:    
News Summary - Vijay wave in Tamil Nadu This is the 'master plan' that brought TVK to the forefront in the political arena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.