ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് യെ പാർട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യമറിയിച്ച് സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് വിജയ് ഇ-മെയിൽ അയച്ചു. നിയമസഭയിൽ രണ്ടാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഗവർണറെ നേരിൽ കാണും.
ചൊവ്വാഴ്ച രാവിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് വിജയ് യുടെ അധ്യക്ഷതയിൽ പാർട്ടി എം.എൽ.എമാരുടെ യോഗം ചേർന്നാണ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്. നിയുക്ത എം.എൽ.എമാരിൽനിന്ന് സമ്മതപത്രവും ഒപ്പിട്ടുവാങ്ങി. എം.എൽ.എമാരോട് ചെന്നൈയിൽ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിന് മഹാബലിപുരത്തെ സ്വകാര്യ നക്ഷത്ര റിസോർട്ടിൽ താമസ സൗകര്യവും ഏർപ്പെടുത്തി. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ സംഘടിപ്പിക്കാനാണ് ആലോചന. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന വിജയ്ക്കൊപ്പം എൻ. ആനന്ദ്, ആധവ് അർജുന ഉൾപ്പെടെ ചില പാർട്ടി ഭാരവാഹികളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.
അതിനിടെ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ടി.വി.കെ കേന്ദ്രങ്ങൾ തീവ്രശ്രമം നടത്തുന്നുണ്ട്. ടി.വി.കെക്ക് 108 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് കൂടി വേണം. നിലവിൽ കോൺഗ്രസ്, വി.സി.കെ, ഇടതുകക്ഷികൾ, പാട്ടാളി മക്കൾ കക്ഷി തുടങ്ങിയവരുടെ പിന്തുണ തേടാനാണ് ശ്രമം. സർക്കാർ രൂപവത്കരിക്കാൻ ടി.വി.കെ അധ്യക്ഷൻ വിജയ് കോൺഗ്രസിന്‍റെ പിന്തുണ തേടിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തമിഴ്‌നാട് കോൺഗ്രസ് ഘടകം ബുധനാഴ്ച രാവിലെ ചെന്നൈയിൽ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ജനവിധി ഒരു "മതനിരപേക്ഷ സർക്കാറിന്" വേണ്ടിയുള്ളതാണെന്നും സംസ്ഥാനത്ത് ഒരു ബി.ജെ.പി സർക്കാർ വരാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ട്.
ഡി.എം.കെ സഖ്യത്തിന് 73 സീറ്റും അണ്ണാ ഡി.എം.കെ സഖ്യത്തിന് 53 സീറ്റുമാണ് ലഭിച്ചത്. ഡി.എം.കെ സഖ്യത്തിൽ ഡി.എം.കെ -59, കോൺഗ്രസ് -അഞ്ച്, മുസ്‍ലിം ലീഗ്, വി.സി.കെ, സി.പി.എം, സി.പി.ഐ കക്ഷികൾക്ക് രണ്ടുവീതം, ഡി.എം.ഡി.കെ -ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില. അണ്ണാ ഡി.എം.കെ സഖ്യത്തിൽ അണ്ണാ ഡി.എം.കെ -47, പാട്ടാളി മക്കൾ കക്ഷി -നാല്, ബി.ജെ.പി, അമ്മ മക്കൾ മുന്നേറ്റ കഴകം കക്ഷികൾക്ക് ഒന്നു വീതം.
അതേസമയം, കോൺഗ്രസിന്റെ ഈ ചാഞ്ചാട്ടത്തിൽ ഡി.എം.കെ കടുത്ത അസംതൃപ്തിയിലാണ്. ഭാവിയിൽ നിർണായക വിഷയങ്ങളിൽ വി.സി.കെയും ഇടതുകക്ഷികളും ഒന്നിച്ച് തീരുമാനം കൈക്കൊള്ളുമെന്നും ടി.വി.കെയുമായി ഇതേവരെ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും വി.സി.കെ നേതാവ് തിരുമാവളവൻ അറിയിച്ചു. ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നപക്ഷം ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ്ക്ക് ഭൂരിപക്ഷമുറപ്പിക്കാനായാൽ തമിഴ്നാട്ടിലെ ആദ്യത്തെ കൂട്ടുകക്ഷി സർക്കാറായിരിക്കുമിത്.
ന്യൂഡൽഹി: വിജയ്, കാമരാജിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ടി.വി.കെയുമായി സഖ്യത്തിനുള്ള സമ്മതം തത്ത്വത്തിൽ അറിയിച്ച് കോൺഗ്രസ്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം കോൺഗ്രസ് നേതൃത്വം തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് വിട്ടു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.
ഡി.എം.കെ, കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്നതിനാൽ പരിക്ക് ഒഴിവാക്കാനാണ് ദേശീയ തലത്തിൽ തീരുമാനം വേണ്ടെന്ന് വെച്ചത്. ബുധനാഴ്ച രാവിലെ 9.30ന് തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെന്നൈ സത്യമൂർത്തി ഭവനിൽ യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. ടി.വി.കെ തലവൻ വിജയ്, സഖ്യത്തിൽ ചേരണമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് കോൺഗ്രസ് ഉന്നത യോഗം ചേർന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി ജയ്റാം രമേശും തമിഴ്നാടിന്റെ ചുമതലയുള്ള ഗിരീഷ് സോഡങ്കറും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.