വിമാന ദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഡി.എൻ.എ പരിശോധന പൂർത്തിയായത് മൂന്നാംദിവസം

അഹ്മദാബാദ്: അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഞായറാഴ്ച ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രാവിലെ 11.10 നാണ് രൂപാണിയുടെ ഡി.എൻ.എ പരിശോധനഫലം പുറത്തുവന്നത്. മൃതദേഹം കുടുംബത്തിന് കൈമാറി. സംസ്കാരം രാജ്കോട്ടിൽ നടക്കുമെന്നും നടപടിക്രമങ്ങൾ പരിശോധിച്ചു വരികയാണെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു.

ദുരന്തത്തിൽപെട്ട വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് രൂപാണി ഉണ്ടായിരുന്നത്. ലണ്ടനിലുള്ള മകളെ കാണാൻ പോകുകയായിരുന്നു അദ്ദേഹം. അപകടം നടന്ന് മൂന്നാംദിവസമാണ് വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 യാത്രക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഉൾപ്പെടെ 270 പേരാണ് കൊല്ലപ്പെട്ടത്. ഒരു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷ​പ്പെട്ടിരുന്നു.

അതേസമയം, ഡി.എൻ.എ പരിശോധനയിലൂടെ ഇതുവരെ 32 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 14 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ മൃത​ദേഹങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. ‘ഇതുവരെ 32 ഡിഎൻഎ സാമ്പിളുകൾ തിരിച്ചറിഞ്ഞു. ഇതിൽ 14 മൃതദേഹങ്ങൾ ഇതിനകം അതത് കുടുംബങ്ങൾക്ക് കൈമാറി. ഉദയ്പൂർ, വഡോദര, ഖേഡ, മെഹ്സാന, അർവല്ലി, അഹ്മദാബാദ്, ബോട്ടാഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ’ -അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന മാത്രമാണ് ഏക ആശ്രയം. പരിശോധന ഏകോപിപ്പിക്കുന്നതിനായി 230 ടീം രൂപീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ഏതാനും മിനിറ്റുകൾക്കകം ബി.ജെ മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടർമാരുടെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇതുവരെ 270 പേരാണ് മരിച്ചത്. വിമാനത്തിൽ 230 യാത്രക്കാരും 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു.

വിമാനാപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദുരന്തം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങൾ പഠിക്കുന്ന സമിതി ദുരന്തം ആവർത്തിക്കാതിരിക്കാൻ സമഗ്രമായ മാർഗനിർദേശങ്ങൾ സമർപ്പിക്കും.

Tags:    
News Summary - Vijay Rupani's body identified days after he died in Ahmedabad Air India crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.