വിജയ് മല്യ, നീരവ് മോദി
ന്യൂഡൽഹി: വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ബാങ്കുകളിൽ നിന്ന് 58,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സർക്കാർ പാർലമെന്റിൽ വെളിപ്പെടുത്തി. സ്വത്ത് കണ്ടുകെട്ടലിലൂടെയും ലേലത്തിലൂടെയും ബാങ്കുകൾക്ക് ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞതായും സർക്കാർ വ്യക്തമാക്കി.
നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു.
വിജയ് മല്യ നിരവധി ബാങ്കുകളിലായി 22,065 കോടി രൂപ കടം വാങ്ങിയിട്ടുണ്ട്. അതിൽ 14,000 കോടിയിലധികം രൂപ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെയും ലേലം ചെയ്യുന്നതിലൂടെയും ബാങ്കുകൾ തിരിച്ചുപിടിച്ചു.
നീരവ് മോദിക്ക് 9,656 കോടി രൂപയുടെ കുടിശ്ശികയുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ 545 കോടി രൂപ ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ട്. 15 പേരില്‍ രണ്ടുപേര്‍ വായ്പ നല്‍കിയവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
വിജയ് മല്യ, നീരവ് മോദി, നിതിന്‍ ജെ സന്ദേസര, ചേതന്‍ ജെ സന്ദേസര, ദിപ്തി സി സന്ദേസര, സുദര്‍ശന്‍ വെങ്കട്ടരാമന്‍, രാമാനുജം ശേഷരത്‌നം, പുഷ്‌പേഷ് കുമാര്‍ ബെയ്ദ്, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍ എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.