ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച് വിജയം നേടിയ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ട്രിച്ചി ഈസ്റ്റിൽ നിന്ന് രാജിവെച്ചേക്കും. പെരമ്പൂർ സീറ്റ് നിലനിർത്തുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിൽ ടി.വി.കെ, ഭരണകക്ഷിയായ ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെയും മറികടന്നാണ് വൻ വിജയം നേടിയത്.
234 മണ്ഡലങ്ങളിൽ 108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്. 57 സീറ്റുകൾ ഡി.എം.കെയും 47 സീറ്റുകൾ എ.ഐ.എ.ഡി.എം.കെയും നേടി. ജെ. ജയലളിതക്ക് ശേഷം സിനിമയിൽനിന്ന് നേരിട്ട് രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിയാകുന്ന വ്യക്തിയാകും വിജയ്. 1991ലാണ് ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. സിനിമയിൽനിന്ന് നേരെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജയലളിത ആറുതവണ തമിഴ്നാട് മുഖ്യമന്ത്രിയായി.
തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ നേടണം. കോൺഗ്രസ്, ഇടത് പാർട്ടികളെ ചേർത്തുനിർത്തി വിജയ് മുന്നോട്ടുപോകുമെന്നാണ് സൂചന. ട്രിച്ചി ഈസ്റ്റിൽ ഡി.എം.കെയുടെ ഇനിഗോ ഇരുദയരാജിനെ 27,416 വോട്ടുകൾക്കാണ് വിജയ് പരാജയപ്പെടുത്തിയത്. പെരമ്പൂരിൽ ഡി.എം.കെയുടെ ആർ.ഡി. ശേഖറിനെ 53,715 വോട്ടുകൾക്കും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.