ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ നടൻ വിജയ് യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കഴിഞ്ഞദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ടി.വി.കെ മേധാവിയായ വിജയ് തന്നെയാണ് വേദിയിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തിയതും. സ്ഥാനാർഥി പ്രഖ്യാപനത്തിനിടെയുണ്ടായ ഒരു വൈകാരിക പ്രകടനമാണ് ഇപ്പോൾ തമിഴ്നാട്ടിലെ ടി.വി.കെ ആരാധകരെ ആവേശത്തിലാക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു.
വില്ലിവാക്കം സ്ഥാനാർഥിയുടെ പ്രഖ്യാപനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ടി.വി.കെയുടെ വില്ലിവാക്കം സ്ഥാനാർഥിയായി ശബരീനാഥനെയാണ് പ്രഖ്യാപിച്ചത്. നിലവിൽ ടി.വി.കെയുടെ വിരുഗമ്പാക്കം സെക്രട്ടറിയാണ് ശബരീനാഥൻ. സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ ശബരീനാഥൻ വിജയ് യുടെ സമീപമെത്തുകയും കരയുകയുമായിരുന്നു. ഇതോടെ വിജയ് ശബരീനാഥന്റെ കണ്ണീർ തുടച്ചു. അതേസമയം തന്നെ സ്ഥാനാർഥിയുടെ പിതാവ് രാജേന്ദ്രനും വേദിയിലെത്തി. വേദിയിൽനിന്ന് വിങ്ങിപൊട്ടിയ ഇരുവരെയും വിജയ് കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
മൂന്നുപതിറ്റാണ്ടിലധികമായി വിജയ് ക്കൊപ്പമുള്ളയാളാണ് രാജേന്ദ്രൻ. വിജയ് യുടെ പേഴ്സണൽ അസിസ്റ്റന്റാണ് രാജേന്ദ്രൻ. അതിനുമുമ്പ് വിജയ് യുടെ ഡ്രൈവറുമായിരുന്നു. വിശ്വാസ്യതക്കുള്ള അംഗീകാരമാണ് ശബരീനാഥന് ലഭിച്ചതെന്നാണ് പാർട്ടി അനുഭാവികൾ ഈ നിമിഷത്തെ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാരെന്ന് വിശേഷിപ്പിച്ചാണ് വിജയ് ഓരോ സ്ഥാനാർഥികളെയും പരിചയപ്പെടുത്തിയത്. മറ്റു പാർട്ടികളിലെ നേതാക്കൾക്കെതിരായ പരോക്ഷമായ ആക്രമണം കൂടിയായിരുന്നു വിജയ് യുടേത്. മറ്റു രാഷ്ട്രീ നേതാക്കൾ കൊള്ളയും അഴിമതിയും നിറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് രണ്ടിടങ്ങളിലാണ് മത്സരത്തിനിറങ്ങുക. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ (ചെന്നൈ) എന്നീ മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.