ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചു; ബന്ധുക്കളെ പേടിച്ച് കാന്‍റീനിൽ ഒളിച്ച് ഡോക്ടർമാരും ജീവനക്കാരും, ഐ.സി.യു നിറയെ മൃതദേഹങ്ങൾ

ന്യൂഡൽഹി: ഗുരുഗ്രാമിലെ ആശുപത്രിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച ആറ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ച കൃതി ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കോവിഡ് രോഗികളുടെ ബന്ധുക്കൾ ഐ.സി.യുവിൽ കയറുന്നതും ഓരോ ബെഡിലും മൃതദേഹങ്ങൾ കാണുന്നതും വിഡിയോയിലുണ്ട്. ബന്ധുക്കളെ പേടിച്ച് ഡോക്ടർമാരും ജീവനക്കാരും സ്ഥലത്തുനിന്ന് മാറിയിരുന്നു.

ബന്ധുക്കൾ ആശുപത്രിക്കുള്ളിൽ കടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ പോലും സ്ഥലത്തുണ്ടായിരുന്നില്ല. ഡോക്ടർമാരോ നഴ്സുമാരോ ആശുപത്രി ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഐ.സി.യു പൂട്ടി ഡോക്ടർമാർ പോയതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഓക്സിജൻ ഇല്ലാതായതോടെ രോഗികളെ ഉപേക്ഷിച്ച് ഡോക്ടർമാർ ഉൾപ്പെടെ കടന്നുകളഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. ഐ.സി.യുവിൽ കയറിയ ബന്ധുക്കൾ ഓരോ ബെഡിലും മൃതദേഹങ്ങളാണ് കാണുന്നത്.

അതേസമയം, ഡോക്ടർമാർ ആശുപത്രിയിലുണ്ടായിരുന്നെന്നും രോഗികളുടെ ബന്ധുക്കളാൽ ആക്രമിക്കപ്പെടുമെന്നതുകൊണ്ട് കാന്‍റീനിൽ ഒളിക്കുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഓക്സിജൻ ഇല്ലാത്ത വിവരം അധികൃതരെ മുൻകൂട്ടി അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ആശുപത്രി ഡറക്ടർ സ്വാതി റാത്തോഡ് പറഞ്ഞു.

ഓക്സിജൻ ഇല്ലെന്നും രോഗികളെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ബന്ധുക്കളെ വൈകീട്ട് നാലോടെ അറിയിച്ചതാണ്. എന്നാൽ, ഇതുണ്ടായില്ല. രാത്രി 11ഓടെ ആറ് പേർ മരിച്ചു -അവർ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 24ന് ആശുപത്രി ജീവനക്കാരെ രോഗികളുടെ ബന്ധുക്കൾ ആക്രമിച്ചിരുന്നു. ഇക്കാരണത്താൽ അവരോട് ഇത്തവണ ഒളിക്കാൻ താൻ നിർദേശിച്ചിരുന്നെന്നും സ്വാതി റാത്തോഡ് പറഞ്ഞു. പൊലീസ് എത്തിയശേഷം ജീവനക്കാർ ജോലിയിൽ തുടർന്നെന്നും അവർ പറഞ്ഞു.

കനത്ത ഓക്സിജൻ ദൗർലഭ്യമാണ് നിലവിലുള്ളതെന്നും 20 കാലി സിലിണ്ടറുമായി തങ്ങളുടെ വാഹനം മനേസറിലെ ഓക്സിജൻ പ്ലാന്‍റിൽ കാത്തുകിടക്കുകയാണെന്നും ആശുപത്രി ജീവനക്കാരിലൊരാൾ പറഞ്ഞു.

അതേസമയം, ആശുപത്രി കോവിഡ് ആശുപത്രിയായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും അതിനാൽ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നില്ല രോഗികളുടെ അവസ്ഥയെന്നും ഗുരുഗ്രാം ഡെപ്യൂട്ടി കമീഷണർ യാഷ് ഗാർഗ് പറഞ്ഞു. താങ്ങാവുന്നതിലുമപ്പുറം കോവിഡ് രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിരുന്നെന്നും, കോവിഡ് ചികിത്സയുമായി മുന്നോട്ടു പോകാൻ വാക്കാലുള്ള ഉറപ്പാണ് ലഭിച്ചതെന്നും ആശുപത്രി ഡയറക്ടർ വ്യക്തമാക്കി.  

Tags:    
News Summary - Videos Show Locked ICU, Dead Bodies Within, Staff In Hiding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.