തായ്‌ലൻഡിൽ ഹോട്ടൽ ജീവനക്കാരിയോട് ഇന്ത്യൻ വിനോദസഞ്ചാരി അപമര്യാദയായി പെരുമാറുന്ന വീഡിയോ പുറത്ത്; ഇന്ത്യക്കാരുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയെന്ന് വിമർശനം

ബാങ്കോക്ക്: തായ്‌ലൻഡിലെ ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും മോശമായി സ്പർശിക്കുകയും ചെയ്ത ഇന്ത്യൻ യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. മോനു ആസ്മി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഹൗസ് കീപ്പിങ് ജീവനക്കാരിയെ ശല്യം ചെയ്യുന്ന വീഡിയോ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ഹോട്ടൽ മുറി വൃത്തിയാക്കാനെത്തിയ യുവതിയോട് അനുവാദമില്ലാതെ അടുത്ത് ഇടപഴകാനും മോശം രീതിയിൽ സ്പർശിക്കാനും ഇയാൾ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും പിന്മാറാതെ ഇയാൾ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ വിദേശമണ്ണിൽ ഇന്ത്യക്കാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് ഇതെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

ജോലി ചെയ്യുന്ന സ്ത്രീകളോട് കാണിക്കേണ്ട മാന്യത ലംഘിച്ച ഇയാൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുയർന്നു. വിമർശനം കടുത്തതോടെ ഇയാൾ അക്കൗണ്ടിൽ നിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും ഇതിനോടകം തന്നെ ദൃശ്യങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയായിട്ടുണ്ട്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്കും നിയന്ത്രണങ്ങൾക്കും കാരണമാകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ തായ് അധികൃതരോ ഹോട്ടൽ മാനേജ്‌മെന്റോ നിലവിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Tags:    
News Summary - Video surfaces of an Indian tourist misbehaving with a hotel employee in Thailand; critics slam the act as a blow to the dignity of Indians.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.