അഹ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ഒരു വർഷത്തിനകം 16,000 ഇരട്ടി വളർച്ച നേടിയെന്ന റിപ്പോർട്ട് പുറത്തുവിട്ട വാർത്താ പോർട്ടൽ ‘വയറി’നെതിരായ വിലക്ക് കോടതി തൽക്കാലം നീക്കി. ജയ് ഷായുടെ വ്യവസായവുമായി ബന്ധെപ്പട്ട വാർത്തകൾ തുടർന്നും നൽകാമെന്നും എന്നാൽ, വിഷയം പ്രധാനമന്ത്രിയുമായി ബന്ധിപ്പിക്കരുതെന്നും അഹ്മദാബാദ് അഡീഷനൽ സീനിയർ സിവിൽ ജഡ്ജി ബി.കെ. ദസോൺഡി നിർദേശിച്ചു.
വാർത്ത പുറത്തുവന്നയുടൻ ജയ് ഷാ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തുടർവാർത്തകൾ നൽകുന്നതിൽനിന്ന് ‘വയറി’നെ വിലക്കിയിരുന്നത്. അന്തിമ വിധി വരുംവരെ ഇതുമായി ബന്ധപ്പെട്ട് ഒന്നും പ്രസിദ്ധീകരിക്കരുതെന്നായിരുന്നു നിർദേശം. വിലക്ക് നീക്കാനാവശ്യപ്പെട്ട് പോർട്ടൽ നൽകിയ പരാതി സ്വീകരിച്ച കോടതി രണ്ടാഴ്ചത്തേക്കാണ് ഇളവ് അനുവദിച്ചത്. എന്നാൽ, കമ്പനിയുടെ വളർച്ചയിൽ പ്രധാനമന്ത്രിയുടെ പങ്ക് തെളിയിക്കുന്നതൊന്നും റിപ്പോർട്ടിലില്ലാത്തതിനാൽ അത്തരം പരാമർശം പാടില്ലെന്നും നിർദേശിച്ചു. ജയ് ഷാക്ക് ഉയർന്ന കോടതിയെ സമീപിക്കാമെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിെൻറ തൊട്ടടുത്ത വർഷം ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16,000 ഇരട്ടി വർധിച്ചുവെന്നായിരുന്നു വാർത്ത. ഇതിനെതിരെ ജയ് ഷാ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.