Credit: The Indian Express

മേൽപാലത്തിന് സവർക്കറുടെ പേര്: കന്നടിഗരുടെ പ്രതിഷേധത്തിൽ ബി.ജെ.പി സർക്കാർ പ്രതിരോധത്തിൽ

ബെംഗളൂരു: ബെംഗളൂരു യെലഹങ്ക മേൽപാലത്തിന് ആർ.എസ്.എസ് ആചാര്യൻ സവർക്കറുടെ പേര് നൽകിയതിന് പിന്നാലെ കർണാടകയിലെ ബി.ജെ.പി സർക്കാരിനെതിരെ കന്നടിഗരുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത്​ ഒട്ടെറെ സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ടെന്നിരിക്കെ കർണാടകയുമായി യാതൊരു ബന്ധവുമില്ലാത്ത സവർക്കറെ ഇറക്കുമതി ചെയ്ത് ബി.ജെ.പി സർക്കാർ വിവാദമുണ്ടാക്കുകയാണെന്നാണ് പ്രധാന വിമർശനം.

അധികാരം ഉപയോഗിച്ച് കാവിവത്കരണം നടപ്പാക്കാനുള്ള നീക്കമാണ് ബി.ജെ.പിയുടെതെന്നും കന്നട അനുകൂല സംഘടനകൾ ആരോപിക്കുന്നു. കന്നടിഗരുടെ താൽപര്യങ്ങൾ പരിഗണിക്കാതെ രാഷ്ട്രീയ മേലാളൻമാരെ തൃപ്തിപെടുത്താനായാണ് സവർക്കറുടെ പേരു നൽകി മേൽപാലം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്തതെന്ന് കന്നട അനുകൂല സംഘടനകൾ ആരോപിക്കുന്നു. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും കന്നടിഗരുടെ പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി സർക്കാർ പ്രതിരോധത്തിലായി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബി.ബി.എം.പി കൗൺസിൽ മേൽപാലത്തിന് സവർക്കരുടെ പേരു നൽകാൻ അനുമതി നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28-ന് മേല്‍പാലം ഉദ്ഘാടനം ചെയ്യാൻ യെദിയൂരപ്പ സർക്കാർ തീരുമാനിച്ചു. എന്നാൽ, പ്രതിഷേധം കനത്തതോടെ ഉദ്ഘാടനം മാറ്റിവെച്ചു. മേല്‍പാലത്തിന് സവര്‍ക്കറിെൻറ പേരു നല്‍കാനുള്ള ശ്രമം സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞിരുന്നത്. കര്‍ണാടകയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞത്. എന്നാൽ, പ്രതിപക്ഷത്തിെൻറ പ്രതിഷേധം കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം മേൽപാലത്തിന് സവർക്കറുടെ പേരു നൽകി ആഘോഷമായി ഉദ്ഘാടനം നടത്തി. ഇതിന് പിന്നാലെയാണ് ബനവാസി ബളഗ, കന്നട രക്ഷണെ വേദികെ തുടങ്ങിയ നിരവധി കന്നട അനുകൂല സംഘടനകൾ പ്രതിഷേധം കടുപ്പിച്ചത്.

കർണാടകക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനി ഇല്ലാതിരുന്നിട്ടാണോ സംസ്ഥാനത്തെ ചരിത്രമായോ സംസ്കാരമായോ ബന്ധമില്ലാത്ത സവർക്കറെ പോലുള്ളവരുടെ പേര് നൽകുന്നതെന്നാണ് ട്വിറ്ററിലൂടെ ബനവാസി ബളഗ അംഗം അരുൺ ജവ്ഗൽ ചോദിക്കുന്നത്. ബംഗളൂരുവിലെ പാർക്കിന് ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ പേര് നൽകുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കന്നട സംഘടനകൾക്കൊപ്പം മറ്റു സാംസ്കാരിക പ്രവർത്തകരും എതിർപ്പുയർത്തിയിട്ടുണ്ട്. ഹിന്ദി ദേശീയ ഭാഷയായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ബി.ജ.പി അവരുടെ ആശങ്ങൾ ജനങ്ങൾക്ക് മേൽ നടപ്പാക്കുകയാണെന്ന് സംവിധായക കവിത ലങ്കേഷ് ആരോപിച്ചു. അധികാരം ഉപയോഗിച്ച് ബി.ജെ.പി അവരുടെ കാവിവത്കരണ അജണ്ട നടപ്പാക്കുകയാണെന്നാണ് ബെളഗവാവി ജില്ല കന്നട ഒാർഗനൈസേഷൻ ആക് ഷൻ കമ്മിറ്റി പ്രസിഡൻറ് അശോക് ചന്ദാർഗി ആരോപിച്ചത്. സവർക്കർ ദേശീയവാദിയായതിനാലാണ് അദ്ദേഹത്തിന് ആദരമായി മേൽപാലത്തിന് പേരു നൽകിയതെന്നാണ് ടൂറിസം മന്ത്രി സി.ടി. രവിയുടെ വിശദീകരണം.

Tags:    
News Summary - Veer Savarkar flyover controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.