ബംഗളൂരു: നയപ്രഖ്യാപനം പേരിന് മാത്രം നിർവഹിച്ച് മടങ്ങിയ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി കർണാടക. നടപടികൾ ആരായുന്നതിന്റെ ഭാഗമായി പ്രത്യേക മന്ത്രിസഭായോഗം ചേരുകയും ചെയ്തു.
പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഇന്നലെ ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. മൂന്നു വാക്കുകൾ മാത്രമാണ് ഗവർണർ പറഞ്ഞത്. ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു.
മന്ത്രിസഭ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്തു.
വിവാദങ്ങൾക്കിടെ പ്രത്യേക നിയമസഭ സമ്മേളനം ഇന്നും തുടരും. സഭാ നടപടികളിലേക്ക് കടക്കും മുന്നേ മന്ത്രിസഭ ഉപദേശക സമിതിയുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണമാർ ഭരണഘടനപരമല്ലാത്ത നടപടികളാണ് രാജ്യത്ത് സ്വീകരിക്കുന്നത്. കർണാടകയിൽ സർക്കാരും ഗവർണറും ഏറ്റുമുട്ടുന്നത് ആദ്യമായല്ല.
ബില്ലുകൾ പാസാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണറുടെ നടപടികളിൽ കർണാടക സർക്കാർ അസ്വസ്ഥരാണ്. സർക്കാരിന്റെ നയപ്രസംഗം വായിക്കാതെ പോയതാണ് ഇതിലെ അവസാന എപ്പിസോഡ്. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്നതുൾപ്പെടെയുള്ള നിലപാടുകളാണ് ഗവർണർ നയപ്രസംഗംവായിക്കാതിരിക്കുന്നതിന്റെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.