ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

'ലാൻഡ് ജിഹാദ് അനുവദിക്കില്ല'; പ്രചാരണ റാലിയിൽ മു​സ്‍ലിം വിരുദ്ധ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മു​സ്‍ലിം വിരുദ്ധ പരാമർശമുയർത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ഉത്തർപ്രദേശിലെ ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മു​സ്‍ലിംകളെ ലക്ഷ്യമിട്ട് ലാൻഡ് ജിഹാദ് വിവാദം ഉന്നയിച്ചത്. ഏപ്രിൽ 29ന് ധാമി നടത്തിയ വിദ്വേഷ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. വലുതുപക്ഷ ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തമാണ് ലാൻഡ് ജിഹാദ്. രാജ്യം പിടിച്ചടക്കുന്നതിനായി മു​സ്‍ലിം സമുദായം അനധികൃതമായി ഇന്ത്യയിലെ മണ്ണ് കയ്യേറുന്നു എന്ന രീതിയിലാണ് ധാമിയുടെ ലാൻഡ് ജിഹാദ് ആരോപണം.

തലയിൽ കാവി സ്കാർഫ് ധരിച്ച് ബറേലിയിലെ സദസ്സിൽ, ഉത്തരാഖണ്ഡിൽ അനധികൃതമായി ഭൂമി കൈവശപ്പെടുത്താൻ ചിലർ സംഘടിതമായി ശ്രമിക്കുന്നു എന്ന് പരാമർശിക്കുന്ന ധാമിയുടെ വിഡിയോയാണ് പ്രചാരണത്തിലുള്ളത്. പ്രതിപക്ഷമായ കോൺഗ്രസിനെ ജിന്നയുടെ മു​സ്‍ലിം ലീഗായി ഉപമിച്ച ധാമി കോൺഗ്രസ് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണങ്ങൾ തട്ടിയെടുത്ത് മറ്റു സമുദായങ്ങൾക്ക് (മു​സ്‍ലിംകൾക്ക്) നൽകുമെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഏക സിവിൽ കോഡും മു​സ്‍ലിം വ്യക്തി നിയമവും നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി ധാമി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് ദേവീഭൂമിയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കുമെന്നും ലാൻഡ് ജിഹാദ് തുറന്നു കാട്ടി 5,000 ഭൂമികൾ മോചിപ്പിച്ചതായും ധാമി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികളിൽ മു​സ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് രാജ്യത്ത് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രചരണ അജണ്ട തന്നെ ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷവും തെറ്റിധാരണയും പരത്തുക എന്നതാണ്. നരേന്ദ്ര മോദി പ്രസംഗത്തിൽ മു​സ്‍ലിംകളെ 'നുഴഞ്ഞേറ്റക്കാർ' എന്ന് വിശേഷിപ്പിച്ചതായും വാർത്തകളുണ്ട്.  

Tags:    
News Summary - Uttarakhand CM Pushkar Singh Dhami stokes ‘land Jihad’ rhetoric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.