യു.ടി. ഖാദർ 

യു.ടി. ഖാദർ: കോൺഗ്രസിലെ ന്യൂനപക്ഷ മുഖം, കർണാടക സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‍ലിം

ബംഗളൂരു: മംഗളൂരുവിൽനിന്നുള്ള മലയാളി എം.എൽ.എ യു.ടി. ഖാദർ (53) കർണാടക നിയമസഭ സ്പീക്കറാവും. നിലപാട് കൊണ്ടും ഇടപെടൽ കൊണ്ടും കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ മുഖമായാണ് യു.ടി. ഖാദർ പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തി കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർഥിയായി യു.ടി. ഖാദർ നിയമസഭ സെക്രട്ടറിക്ക് നാമനിർദേശപത്രിക നൽകി.

കാവിക്കോട്ടയായ ദക്ഷിണ കന്നടയിൽ കോൺഗ്രസ് വേരിളകാതെ കാത്ത യു.ടി. ഖാദർ ഇത്തവണ ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭീഷണി മറികടന്നാണ് 22790 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. മംഗളൂരുവിൽനിന്ന് തുടർച്ചയായി അഞ്ചു തവണ നിയമസഭയിലെത്തിയ അദ്ദേഹം, 2013ലെ സിദ്ധരാമയ്യ സർക്കാറിൽ ഭക്ഷ്യമന്ത്രിയായിരുന്നു. 2022ൽ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

യു.ടി. ഖാദർ സ്പീക്കറാവുന്നതോടെ മന്ത്രിയായ കെ.ജെ. ജോർജിന് പുറമെ മറ്റൊരു മലയാളികൂടി ഭരണതലപ്പത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസർകോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന പിതാവ് യു.ടി. ഫരീദ് 1972, 1978, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ഉള്ളാൾ മണ്ഡലത്തിൽനിന്ന് (ഇപ്പോൾ മംഗളൂരു) എം.എൽ.എയായിരുന്നു. 2007ൽ പിതാവിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് മുതൽ യു.ടി. ഖാദറും മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നു.

ഖാദറിന്റെ ഭാര്യ ലമീസ് കാസർകോട് ചട്ടഞ്ചാൽ സ്വദേശിയാണ്. മകൾ ഹവ്വ നസീമ ഖുർആൻ മനഃപാഠമാക്കിയതും സ്കൂൾവിദ്യാഭ്യാസം നടത്തിയതും കേരളത്തിൽനിന്നായിരുന്നു. ബി.ജെ.പി ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളെയും സർക്കാറിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങളെയും നിയമസഭയിൽ ചോദ്യം ചെയ്ത ഖാദർ ഇതിന്റെ പേരിൽ സഭക്കകത്തും പുറത്തും ബി.ജെ.പി നേതാക്കളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങൾക്കിരയായി.

വർഗീയവത്കരിക്കപ്പെടുന്ന കർണാടകയുടെ തീരമേഖലയിൽ ഇരു സമുദായങ്ങൾക്കുമിടയിലെ പാലമായി പ്രവർത്തിക്കാൻ അഭിഭാഷകൻകൂടിയായ യു.ടി. ഖാദറിന് കഴിഞ്ഞു. ഇത്തവണ മന്ത്രിമാരുടെ പട്ടികയിലുണ്ടായിരുന്ന യു.ടി. ഖാദറിന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും സിദ്ധരാമയ്യ അനുകൂലിയായ സമീർ അഹമ്മദ് ഖാനാണ് അവസരം ലഭിച്ചത്.

അതിനിടെ, ഇടക്കാല സ്പീക്കറായ ആർ.വി. ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എം.എൽ.എമാരുടെ സത്യപ്രതിജ്ഞ അരങ്ങേറി. ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.

സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിമാകും യു.ടി. ഖാദർ. സ്പീക്കർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച കോൺഗ്രസ് നിയമസഭ കക്ഷി യോഗംചേരും. 135 കോൺഗ്രസ് എം.എൽ.എമാരും എസ്.കെ.പി അംഗവും സ്വതന്ത്ര അംഗവും ഉൾപ്പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാർഥിയായ യു.ടി. ഖാദറിന് വിജയം ഉറപ്പാണ്. ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം അംഗങ്ങളാണുള്ളത്. ഒരു കെ.ആർ.പി.പി അംഗവും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവർ.

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ആർ.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീൽ, ടി.ബി. ജയചന്ദ്ര തുടങ്ങിയവരെ സ്പീക്കർ സ്ഥാനത്തിനായി പരിഗണിച്ചിരുന്നെങ്കിലും പദവി ഏറ്റെടുക്കാൻ തയാറായില്ല.

മന്ത്രിപദവി വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചതോടെ ഹൈകമാൻഡിന്റെ അഭ്യർഥന മാനിച്ച് യു.ടി. ഖാദർ സന്നദ്ധനാവുകയായിരുന്നു. സ്പീക്കറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നതായും എല്ലാവരെയും ഒന്നിച്ചുചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർ പ്രതികരിച്ചു.

Tags:    
News Summary - UT Khader files nomination as K'ataka Vidhana Soudha Speaker, 1st from minority community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.