ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പാർലമെന്റ് മാർച്ച് വൻ സംഘർഷത്തിലേക്ക്. പാർലമെന്റിന് സമീപം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സമാജ്‌വാദി പാർട്ടി ലോക്സഭാംഗം ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം തലസ്ഥാന നഗരിയിൽ പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ച് അടിയന്തര കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്ന സാഹചര്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനുപുറമെ, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് സി.ജെ.പി പാർലമെന്റ് മാർച്ച് നടത്തുന്നത്. സി.ജെ.പിയുടെ സമരത്തിൽ പങ്കാളിയായി നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിനെ കഴിഞ്ഞ ദിവസം പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും വാങ്‌ചുക് സമരം തുടരുകയാണ്.
നിലവിൽ ഡൽഹിയിൽ സംഘർഷം അതി രൂക്ഷമായിരിക്കുകയാണ്. രാവിലെ മുതൽ ജന്തർ മന്തറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇവർക്ക് നേരെ ലാത്തി വീശിയിരുന്നു. തുടർന്ന് പൊലീസും സമരക്കാരും തമ്മിലുളള് സംഘർഷം രൂക്ഷമായി. സമരക്കാർ പാർലമെന്റിനടുത്തേക്ക് എത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. സമരത്തെ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തി. പാർലമെന്റിന് പുറത്തും സുരക്ഷ ശക്തമാക്കി.
സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റും വിച്ഛേദിച്ചിട്ടുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് സി.ജെ.പി നിലപാട്. പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ പൊലീസ് നടപടിക്കിടയിലും പിന്തിരിയാതെ ജന്തർ മന്തറിൽ തുടരുകയാണ്. പൊലീസ് ബാരിക്കേഡ് മറികടന്ന് പല വഴികളിലൂടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജന്തർ മന്തറിലേക്കെത്തുന്നത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടത് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.