യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈയിൽ; സന്ദർശനത്തിന് പിന്നിലെന്ത്?
മുംബൈ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. ഇന്ന് വൈകീട്ട് നാല് മണിക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുംബൈയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.
ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം വലിയ ബിസിനസ് സംഘത്തോടൊപ്പമാണ് റൂബിയോ മുംബൈയിൽ എത്തിയത്. മെയ് മാസത്തിനുശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100 ശതമാനം വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെയാണ് റുബിയോയുടെ സന്ദർശനം. കൂടാതെ, നയതന്ത്ര ചർച്ചകൾ നടക്കുന്ന തലസ്ഥാനമായ ഡൽഹിക്ക് പകരം മുംബൈയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരകരാർ അന്തിമമാക്കൽ ആണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മാർക്കോ റുബിയോയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തൽ. കൂടാതെ, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട താരിഫ് തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളും നടക്കും. ഊർജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്തേക്കും. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി സന്ദർശിക്കുന്നതിനൊപ്പം മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തും.
യു.എസ് സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷത്തിൽ മുംബൈയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലും റൂബിയോ പങ്കെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളും ചർച്ചയുടെ ഭാഗമാകും. ഇതിന് പുറമെ പ്രതിരോധം സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനായുള്ള ഉന്നതതല ചർച്ചകൾ നടക്കുമെന്നാണ് വിവരം. പ്രാദേശിക സുരക്ഷയും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും തമ്മിലുള്ള ചർച്ച ചെയ്യും.
അതേസമയം, നയതന്ത്ര ചർച്ചകൾ ഡൽഹിയിൽ നിന്ന് മുംബൈയിലും ഗുജറാത്തിലും നടക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. മാർക്കോ റുബിയോയെ കാണാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി മുംബൈയിലെത്തുന്നതിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായാണ് പ്രതികരിച്ചത്. ജയ്ശങ്കർ മാർക്കോ റൂബിയോയുടെ ജോലിക്കാരനാണോ എന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.