‘1,000 തവണ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണ്’; പഹൽഗാം ഭീകരാക്രമണ പരാമർശത്തിൽ സോനു നിഗം
ബംഗളൂരു: കന്നഡ പാട്ടുകൾ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പഹൽഗാം ഭീകരാക്രമണത്തെ പരാമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കർണാടകയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് പ്രമുഖ ഗായകൻ സോനു നിഗം. താൻ 1,000 തവണ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് സോനു നിഗം വ്യക്തമാക്കിയതിന് പിന്നാലെ, ഗായകനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന പ്രമുഖ കന്നഡ സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) തങ്ങളുടെ സമരം പിൻവലിച്ചു.
2025 ഏപ്രിലിൽ ബംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് എൻജിനീയറിങ് കോളജിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. കാണികളിൽ ഒരാൾ കന്നഡ പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ, സോനു നിഗം ഇതിനോട് പ്രതികരിക്കുകയും, സദസ്സിൽ നിന്നുണ്ടായ രീതി തനിക്ക് ഭീഷണിയായി തോന്നിയെന്ന് വ്യക്തമാക്കി പഹൽഗാം ആക്രമണവുമായി താരതമ്യം ചെയ്ത് സംസാരിക്കുകയുമായിരുന്നു. ഇത് കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തുകയും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. തുടർന്ന് സോനു നിഗമിനെതിരെ പോലീസിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.
വരുന്ന ഒക്ടോബർ 24ന് ബംഗളൂരുവിലെ ഭാരതീയ മാളിൽ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി വിവാദം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് സോനു നിഗമിന്റെ മാപ്പ് പറച്ചിൽ. കെആവി സംസ്ഥാന പ്രസിഡന്റ് ടിഎ നാരായണ ഗൗഡയുമായി സംസാരിച്ച ശേഷമാണ് ഗായകൻ വീഡിയോ സന്ദേശം പുറത്തിറക്കിയത്.
‘എന്റെ പ്രിയപ്പെട്ട കർണാടക കുടുംബമേ, തന്ന കന്നഡിഗരു... ആ സായാഹ്നത്തിൽ സദസ്സിലുണ്ടായിരുന്നവർക്കും എനിക്കും ദൈവത്തിനും എന്റെ സത്യമറിയാം. എന്നിരുന്നാലും, നാരായണ ഗൗഡയുമായി ഞാൻ വളരെ ഊഷ്മളവും ആദരവുള്ളതുമായ ഒരു ചർച്ച നടത്തി. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്’ -സോനു നിഗം പറഞ്ഞു.
സോനു നിഗമിന്റെ മാപ്പ് സ്വീകരിച്ച് കെആർവി നേതാവ് ടിഎ. നാരായണ ഗൗഡ പ്രതിഷേധം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. കന്നഡ സിനിമ സംഗീതത്തിന് നൽകിയ സംഭാവനകൾ മറക്കാനാവാത്ത ഘണ്ടശാല, പി.ബി. ശ്രീനിവാസ്, യേശുദാസ്, എസ്. ജാനകി തുടങ്ങി നിരവധി അന്യഭാഷാ ഗായകരെ നാരായണ ഗൗഡ ഈ അവസരത്തിൽ അനുസ്മരിച്ചു. സോനു നിഗമിന്റെ സംഗീതം ജനങ്ങൾ ആസ്വദിച്ചിട്ടുണ്ടെന്നും, കന്നഡയോടുള്ള സ്നേഹം മാനിച്ച് അദ്ദേഹം ഇനിയും കർണാടകയിൽ വന്ന് പാടണമെന്നും അദ്ദേഹം പറഞ്ഞു.
സംഗീത പരിപാടികൾക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണർക്ക് കത്തയച്ചിരുന്ന കെആർവി മാപ്പ് പറച്ചിലിനെ തുടർന്ന് വിവാദങ്ങൾ അവസാനിപ്പിക്കുന്നതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.