1.ബി.ജെ.പിപുറത്ത് വിട്ട ചിത്രം 2. പ്രധാനമന്ത്രി വിദേശയാത്രക്കിടെ
‘പാർലമെന്റ് നടക്കുമ്പോൾ വിദേശത്ത് കറങ്ങുന്നയാളാണ് പ്രധാനമന്ത്രി മോദി’; രാഹുൽ ഗാന്ധിയെ പരിഹസിച്ചതിന് ചുട്ടമറുപടിയുമായി കോൺഗ്രസ്
ന്യൂഡൽഹി: വ്യക്തിജീവിതത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നതിനെ പരിഹസിച്ച ബി.ജെ.പിക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ്. ലോക്സഭാ സമ്മേളനം നടക്കുമ്പോൾ പോലും വിദേശ രാജ്യങ്ങളിൽ കറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൂണ്ടിക്കാണിച്ചാണ് പ്രതികരണം.
‘പാർലമെന്റ് നടക്കുമ്പോൾ പോലും പ്രധാനമന്ത്രി വിദേശയാത്ര നടത്തുകയാണ്. സമ്മേളനകാലത്ത് പ്രധാനമന്ത്രി രാജ്യം വിടരുതെന്ന മുൻകാല കീഴ്വഴക്കം ഇല്ലാതാക്കിയത് നരേന്ദ്ര മോദിയാണ്’ -കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിമർശിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയിലെ രാഷ്ട്രിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ വ്യക്തിജീവിതവുമുണ്ടെന്നും എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോൾ യേൽ സർവകലാശാലയിലെ വിദ്യാർഥികളുമായും ലണ്ടനിലെ ബുദ്ധിജീവികളുമായും ആശയവിനിമയം നടത്താറുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ധീരമായി അഭിമുഖങ്ങൾ നൽകാറുമുണ്ട്. ഇതൊന്നും ചെയ്യാൻ ധൈര്യമില്ലാത്തവരാണ് രാഹുലിനെ വിമർശിക്കുന്നത്. പ്രധാനമന്ത്രി ഇന്നുവരെ ചെയ്യാത്ത കാര്യങ്ങളാണ് രാഹുൽ അവിടെ ചെയ്യുന്നത്. രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ നേരിടാൻ തയ്യാറുണ്ടോ?’ -ദീക്ഷിത് ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ പ്രതിപക്ഷ സഖ്യം ശക്തമായ സമരം നടത്തുന്നതിനിടയിലാണ്, “നുണകൾ പ്രചരിപ്പിച്ച് ഞാൻ ക്ഷീണിച്ചു... കുറച്ച് ദിവസം വിയറ്റ്നാമിൽ ചുറ്റിക്കറങ്ങാം... ആരാണ് അറിയാൻ പോകുന്നത്” എന്ന പരിഹാസത്തോടെ ബി.ജെ.പി ഒരു വിഡിയോ പങ്കുവച്ചത്. രാഹുൽ ഗാന്ധി വിമാനത്തിൽ യാത്ര ചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോയായിരുന്നു അത്. എന്നാൽ വിഡിയോയിൽ കാണുന്നയാൾ രാഹുൽ ഗാന്ധിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. യാത്ര വിയറ്റ്നാമിലേക്കാണെന്നും വിഡിയോ സ്ഥിരീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.