പഴയ യുദ്ധക്കപ്പലുകളിലും ഇനി ബ്രഹ്മോസ് കരുത്ത്; 661.5 കോടിയുടെ കരാറുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പഴയ യുദ്ധക്കപ്പലുകൾക്ക് കൂടുതൽ പ്രഹരശേഷി നൽകാൻ ബ്രഹ്മോസ് മിസൈൽ സംവിധാനം ഘടിപ്പിക്കുന്നു. പഴയ കാഷിൻ ക്ലാസ് ഡിസ്ട്രോയറുകളിലും വീർ ക്ലാസ് കോർവെറ്റുകളിലും ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ ഘടിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം 661.5 കോടി രൂപയുടെ കരാർ ഒപ്പിട്ടു.

ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റം (FCS), ലോഞ്ചറുകൾ എന്നിവ വാങ്ങുന്നതിനാണ് കരാർ. പദ്ധതിയിൽ 68 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കമുണ്ടാകും. 8% തദ്ദേശീയ ഉള്ളടക്കമുണ്ടാകും. 2 വീർ ക്ലാസ് കപ്പലുകൾക്കും 2 രൺവീർ ക്ലാസ് കപ്പലുകൾക്കുമാണ് പുതിയ മിസൈലുകൾ ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രൺവീറിനും രൺവിജയ്യിനും 16 വീതം ബ്രഹ്മോസ്

1980-കളിൽ സോവിയറ്റ് യൂണിയനിൽ നിന്ന് വാങ്ങിയതാണ് കാഷിൻ ക്ലാസ് ഡിസ്ട്രോയറുകൾ. ഇപ്പോൾ സേവനത്തിലുള്ള INS രണ, രൺവീർ, രൺവിജയ് എന്നിവയിൽ രൺവീറിനും രൺവിജയ്യിനും നേരത്തെ തന്നെ പിന്നിൽ 8 ബ്രഹ്മോസ് VLS ഉണ്ട്. മുൻവശത്തെ പഴയ സ്റ്റിക്സ് മിസൈലുകൾക്ക് പകരം പുതിയ ചരിഞ്ഞ ബ്രഹ്മോസ് ലോഞ്ചറുകൾ സ്ഥാപിക്കും. ഇതോടെ ഓരോ കപ്പലിലും 16 വീതം ബ്രഹ്മോസ് മിസൈലുകളാകും - നവീന കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകൾക്ക് തുല്യം.

വീർ ക്ലാസ് കോർവെറ്റുകളിലും ബ്രഹ്മോസ് എത്തും. 500 ടണ്ണിൽ താഴെ ഭാരമുള്ള വീർ ക്ലാസ് കോർവെറ്റുകളാണ് ബ്രഹ്മോസ് വഹിക്കുന്ന ഏറ്റവും ചെറിയ യുദ്ധക്കപ്പലാകാൻ പോകുന്നത്. INS വിദ്യുതിൽ (1995) കഴിഞ്ഞ ഡിസംബറിൽ തന്നെ ഡീകമ്മീഷൻ ചെയ്ത INS രജ്പുതിൽ നിന്നെടുത്ത 2 ബ്രഹ്മോസ് ലോഞ്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ചിരുന്നു.

പുതിയ കരാർ പ്രകാരം 2002-ൽ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ കപ്പലുകളായ INS പ്രബലിനും INS പ്രളയത്തിനും 4 വീതം ബ്രഹ്മോസ് ലഭിക്കാനാണ് സാധ്യത. പുതിയതായി നിർമ്മിക്കുന്ന 6 NGMV കോർവെറ്റുകളിലും ഇതേ എണ്ണം തന്നെയാണ്.വിരമിക്കലിനോടടുക്കുന്ന കപ്പലുകൾക്ക് പോലും ബ്രഹ്മോസ് നൽകുന്നത് നാവികസേനയുടെ പ്രഹരശേഷി വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. 

അങ്ങനെയെങ്കിൽ ഇതോടെ ബ്രഹ്മോസ് വഹിക്കുന്ന ഏറ്റവും ചെറിയ യുദ്ധക്കപ്പൽ വിഭാഗമായി വീർ ക്ലാസ് മാറും. കര, കടൽ ലക്ഷ്യങ്ങൾക്കെതിരെ ദീർഘദൂര ആക്രമണം നടത്താൻ ശേഷിയുള്ളതാണ് മൂന്ന് ടൺ ഭാരമുള്ള ബ്രഹ്മോസ് മിസൈൽ. പഴയ ഡൽഹി ക്ലാസ് കപ്പലുകളിലും മിഡ്‌ലൈഫ് നവീകരണത്തിന്റെ ഭാഗമായി ബ്രഹ്മോസ് ഘടിപ്പിച്ചുവരുന്നുണ്ട്.

അതേസമയം, ബ്രഹ്മോസിന്റെ കയറ്റുമതിയിലും ഇന്ത്യ വലിയ നേട്ടമാണ് കൈവരിക്കുന്നത്. ഫിലിപ്പീൻസുമായി 370 ദശലക്ഷം ഡോളറിന്റെ കരാർ നേരത്തെ അന്തിമമാക്കിയിരുന്നു. 2026ൽ വിയറ്റ്നാമുമായി ഏകദേശം 630 ദശലക്ഷം ഡോളറിന്റെയും ഇന്തോനേഷ്യയുമായി 450–630 ദശലക്ഷം ഡോളറിന്റെയും കരാറുകളും ലഭിച്ചു.

ഇതിനിടെ, ഡിആർഡിഒ വികസിപ്പിച്ച വരുണാസ്ത്ര ഹെവി വെയ്റ്റ് ആന്റി സബ്മറൈൻ ടോർപിഡോകൾക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 1,543 കോടി രൂപയുടെ കരാറിലും പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. ഏകദേശം 40 ടോർപിഡോകൾക്കായുള്ളതാണ് പുതിയ ഓർഡർ. അന്തർവാഹിനികൾക്കായി ഡിആർഡിഒ വികസിപ്പിച്ച പുതിയ EHWT ടോർപിഡോകൾ കല്വരി ക്ലാസ് അന്തർവാഹിനികളിൽ ഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Tags:    
News Summary - Brahmos power for older warships too; Ministry of Defense signs Rs 661.5 crore contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.