ദാവൂദിന് ശേഷം മുംബൈ പിടിക്കാൻ ലോറൻസ് ബിഷ്ണോയ്; ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമം പുതിയ തന്ത്രമെന്ന് ഏജൻസികൾ
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമവും വെടിവെപ്പും സിനിമ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം രംഗത്തെത്തിയതായും, നടൻ സൽമാൻ ഖാനൊപ്പം പ്രവർത്തിക്കരുതെന്ന് ടൈഗർ ഷ്രോഫിന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരിക്കൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി അടക്കിവാണിരുന്ന മുംബൈ അധോലോകത്തിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ബിഷ്ണോയ് സിൻഡിക്കേറ്റ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.
ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ ഒരു പതിറ്റാണ്ടോളമായി തടവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയും, തിഹാർ ജയിലിലുള്ള സഹോദരൻ അൻമോൽ ബിഷ്ണോയിയും ചേർന്ന് നടത്തുന്ന അധോലോക ശൃംഖല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവയ്ക്ക് പുറമെ മുംബൈയിലേക്കും വേരുകൾ പടർത്തിക്കഴിഞ്ഞു.
പഞ്ചാബി സംഗീതജ്ഞർ മുതൽ മുൻനിര സംവിധായകർ വരെ: നീളുന്ന ആക്രമണ പരമ്പര
സിദ്ദു മൂസ് വാലയുടെ കൊലപാതകവും (2022 മെയ്), മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ വധവും (2024 ഒക്ടോബർ), കാനഡയിലെ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമടക്കം ഒട്ടനവധി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പിന്നിൽ ബിഷ്ണോയ് സംഘമാണെന്ന് അന്വേഷണ ഏജൻസികളും എഫ്.ബി.ഐയും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ബോളിവുഡിലെയും പഞ്ചാബി സിനിമയിലെയും പ്രമുഖർക്കെതിരെ നിരന്തരമായ ആക്രമണങ്ങളാണ് സംഘം അഴിച്ചുവിടുന്നത്.
- സൽമാൻ ഖാൻ: 1998-ലെ കൃഷ്ണമൃഗ വേട്ടക്കേസിന്റെ പശ്ചാത്തലത്തിൽ (ബിഷ്ണോയ് സമുദായം കൃഷ്ണമൃഗത്തെ വിശുദ്ധമായി കരുതുന്നു) സൽമാനെതിരെ നിരന്തര വധഭീഷണിയാണ് സംഘം മുഴക്കുന്നത്. സൽമാനുമായി സഹകരിക്കുന്നവരെയെല്ലാം സംഘം ലക്ഷ്യമിടുന്നു.
- രോഹിത് ഷെട്ടി & രൺവീർ സിംഗ്: മുംബൈ ജുഹുവിലുള്ള സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ ഈ വർഷം ഫെബ്രുവരി ഒന്നിന് വെടിവെപ്പുണ്ടായി. രൺവീർ സിംഗിന്റെ മാനേജർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച ഹാരി ബോക്സറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നടൻ ആയുഷ് ശർമയ്ക്കും ഭീഷണി കോളുകൾ ലഭിച്ചിരുന്നു.
- കപിൽ ശർമ: സൽമാൻ ഖാനെ നെറ്റ്ഫ്ലിക്സ് ഷോയിൽ അതിഥിയായി ക്ഷണിച്ചതിനെ തുടർന്ന് കാനഡയിലുള്ള കപിൽ ശർമയുടെ കഫേയ്ക്ക് നേരെയും പിന്നീട് ചായ് സുട്ട ബാറിന് നേരെയും ബിഷ്ണോയ് സംഘം വെടിവെപ്പ് നടത്തിയിരുന്നു.
- എ.പി ധില്ലൻ & ഗിപ്പി ഗ്രെവാൾ: സൽമാൻ ഖാനുമൊത്തുള്ള മ്യൂസിക് ആൽബത്തിന് പിന്നാലെ ഗായകൻ എ.പി ധില്ലന്റെ യുകെയിലെ വീടിന് നേരെ 14 റൗണ്ട് വെടിവെക്കുകയും തീയിടുകയും ചെയ്തു. ഗായകൻ ഗിപ്പി ഗ്രെവാളിന്റെ കാനഡയിലെ വസതിക്ക് നേരെയും സമാനമായ ആക്രമണം നടന്നു.
- ദിൽജിത് ദോസാഞ്ച് & പർമീഷ് വർമ: ദിൽജിത് ദോസാഞ്ചിന്റെ മാനേജർ ഗുർപ്രതാപ് സിംഗ് കാങ്ങിന്റെ ഹരിയാനയിലെ കർണാലിലുള്ള വീടിന് നേരെ മേയ് 12-ന് വെടിയുതിർത്തു. 2018-ൽ മൊഹാലിയിൽ വെച്ച് പ്രമുഖ ഗായകൻ പർമീഷ് വർമയ്ക്ക് നേരെ വെടിയുതിർത്തതും ബിഷ്ണോയ് സംഘമായിരുന്നു.
- ദിഷ പടാനി: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടി ദിഷ പടാനിയുടെ മാതാപിതാക്കളുടെ ബറേലിയിലെ വസതിക്ക് നേരെയും ബൈക്കിലെത്തിയ സംഘം വെടിവെപ്പ് നടത്തിയിരുന്നു.
ദാവൂദിന്റെ വിടവ് നികത്താൻ പുതിയ സംഘം; പഞ്ചാബിലെ യുവാക്കളെ മറയാക്കുന്നു
മുംബൈ അധോലോകത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനം കുറഞ്ഞതോടെ ആ സ്ഥാനം കൈയടക്കാനാണ് ബിഷ്ണോയ് സംഘം ശ്രമിക്കുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനായി പഞ്ചാബിലെ സാധാരണക്കാരായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയാണ് രീതി.
ഏറ്റവുമൊടുവിൽ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിലൂടെ മുംബൈ അധോലോകത്തിൽ പൂർണമായ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിഷ്ണോയ് സിൻഡിക്കേറ്റ് എന്ന് വ്യക്തമാകുന്നതായാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.