15 മണിക്കൂറിൽ എത്താമായിരുന്നിട്ടും യു.എസ് സൈനിക വിമാനം പറന്നത് 41 മണിക്കൂറെടുത്ത് വളഞ്ഞ വഴിയിലൂടെ; കാരണം...

യു.എസിലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുമായി സൈനിക വിമാനം പറന്നത് വളഞ്ഞ വഴിയിലൂടെ കൂടുതൽ ദൂരമെടുത്ത്. 15 മണിക്കൂർ 36 മിനിറ്റു കൊണ്ട് 12,403 കിലോമീറ്റർ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, ഘട്ടം ഘട്ടമായി 41 മണിക്കൂറെടുത്ത് 23,058 കിലോമീറ്റർ പറന്നാണ് വിമാനം അമൃത്സറിലിറങ്ങിയതെന്ന് മാധ്യമപ്രവർത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച വൈകുന്നേരം ആറരക്ക് സാൻദിയേഗോയിൽ നിന്ന് ടേക്കോഫ്. ചൊവ്വാഴ്ച പുലർച്ചെ 12.55ന് ഹാണലൂലുവിൽ. ഫിലിപ്പീൻസിൽ നിന്ന് പറക്കുന്നത് ചൊവ്വാഴ്ച രാത്രി 8.55ന്. ഡിയേഗോ ഗാർസിയയിലെത്തുന്നത് ബുധനാഴ്ച രാവിലെ 9.44ന്. അവിടെ നിന്ന് അമൃത്സറിന് പറക്കുന്നത് 9.50ന്. ലാൻഡിങ് ഉച്ചയ്ക്ക് 2.05ന്. 15 മണിക്കൂർ, 36 മിനിറ്റുകൊണ്ട് 12,403 കിലോമീറ്റർ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, 23,058 കിലോമീറ്ററിന്റെ ഈ വളഞ്ഞവഴി, ഘട്ടം ഘട്ടമായി 41 മണിക്കൂറെടുത്തു പറക്കാമെന്നു തീരുമാനിക്കാൻ കാരണം ഒരു രാജ്യത്തിന്റെയും ആകാശ പരിധി മുറിച്ചുകടക്കേണ്ടതില്ല എന്നതാവാമെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.

ജേക്കബ് കെ. ഫിലിപ്പിന്‍റെ പോസ്റ്റ് പൂർണരൂപം...

105 അനധികൃത കുടിയേറ്റക്കാരുമായി, തിങ്കളാഴ്ച വൈകുന്നേരം സാൻദിയേഗോ സേനാവിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ സേനാ സി-17 കടത്തുവിമാനം, 41 മണിക്കൂറെടുത്ത് അമൃത്സറിലെത്തിയ പറക്കൽ റൂട്ട് ഇതായിരുന്നു- തിങ്കളാഴ്ച വൈകുന്നേരം ആറരയ്ക്ക് സാൻദിയേഗോയിൽ നിന്ന് ടേക്കോഫ്. ചൊവ്വാഴ്ച പുലർച്ചെ 12.55 ന് ഹാണലൂലുവിൽ. (ഇവിടെ വച്ച് ട്രാക്കിങ് മുറിയുന്നുണ്ട്. വിമാനത്തെ പിന്നെ കാണുന്നത് ഫിലിപ്പൈന്സിലെ കാമിലോ ഒസിയാസ് അമേരിക്കന് എയർബേസിനു സമീപമാണ്. പടത്തിലെ ചുവന്ന വര, ഹാണലൂലുവില് നിന്ന് ഇവിടേക്കുള്ള ട്രാക്കു ചെയ്യപ്പെടാത്ത പാതയാണ്).

ഫിലിപ്പൈൻസില് നിന്ന് പറക്കുന്നത് ചൊവ്വാഴ്ച രാത്രി 8.55ന്. ഡിയേഗോ ഗാർസിയയിലെത്തുന്നത് ബുധനാഴ്ച രാവിലെ 9.44ന്. അവിടെ നിന്ന് അമൃത്സറിന് പറക്കുന്നത് 9.50ന്. ലാൻഡിങ് ഉച്ചയ്ക്ക് 2.05ന്. പതിനഞ്ചു മണിക്കൂർ, 36 മിനിറ്റു കൊണ്ട് 12,403 കിലോമീറ്റർ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, 23,058 കിലോമീറ്ററിന്റെ ഈ വളഞ്ഞവഴി, ഘട്ടം ഘട്ടമായി 41 മണിക്കൂറെടുത്തു പറക്കാമെന്നു തീരുമാനിച്ചതിന്, യുക്തിസഹമായ ഒരു കാരണമേയുള്ളു- ഈ വഴി പറന്നാൽ, ഒരു രാജ്യത്തിന്റെയും ആകാശം മുറിച്ചു കടക്കേണ്ടതില്ല.

പതിനഞ്ചുമണിക്കൂറെടുത്തു പറക്കുന്ന സാധാരണ റൂട്ടിൽ, കാനഡ, റഷ്യ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ആകാശത്തുകൂടി പറക്കേണ്ടിയിരുന്നെങ്കിൽ, ഹാണലൂലു നിന്ന് ഫിലിപ്പിൻസിന് വടക്കുകൂടി പറന്ന് സൗത്ത് ചൈനാ കടൽ മുറിച്ചു നീങ്ങി, മലേഷ്യയ്ക്കും ഇന്തൊനീഷ്യയ്ക്കും ഇടയ്ക്കുള്ള കടലിനു മീതെ ഞെരുങ്ങിപ്പറന്ന്, മലാക്കാ സ്‌ട്രെയിറ്റിനു മീതേകൂടി ആന്തമാൻ കടലിനു മീതേ എത്തി അവിടെ നിന്ന് ബംഗാൾ ഉൽക്കടലും താണ്ടി അറേബ്യൻ സമുദ്രത്തിലെ ഡിയേഗോ ഗാർസിയയിലെ അമേരിക്കൻ സേനാ താവളത്തിലെത്താൻ, ആകെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടാവുക ഫിലിപ്പൈൻസിനെയാണ്. അവിടെ അമേരിക്കയുടെ സേനാ താവളം ഉള്ളതുകൊണ്ട് അതൊരു പ്രശ്‌നവുമല്ല.

എന്തുകൊണ്ടായിരിക്കും, മേൽപ്പറഞ്ഞ ആറു രാജ്യങ്ങളെ ഒഴിവാക്കിപ്പറക്കാൻ, ഇത്ര ക്ലേശിച്ച് ഒഴിവാക്കിപ്പറക്കാൻ അമേരിക്ക തീരുമാനിച്ചത്? അതതു രാജ്യങ്ങളുടെ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അനുമതി കിട്ടാത്തതു തന്നെയാകും കാരണം. അതു മിക്കവാറും കാനഡയാകാനുമാണ് സാധ്യത.

അനുമതി കൊടുക്കാത്തതിനു കാരണം വിമാനം സേനയുടേത് ആയതുമായിരിക്കില്ല. കാരണം, ഒരാഴ്ചത്തെ ലോക വ്യോമഭൂപടം നോക്കിയാൽ അമേരിക്കയുടെ എത്രയോ സേനാവിമാനങ്ങൾ എത്രയോ തവണ ഈ വഴിയെല്ലാം പറക്കുന്നതു കാണാം. വിമാനത്തിലെ യാത്രക്കാർ ആരാണെന്നതു തന്നെയാവും പ്രശ്‌നമായത്.

മറ്റൊരു കാര്യം കൂടി- ഒരു അമേരിക്കൻ സേനാവിമാനം ഇന്ത്യൻ മണ്ണിലിറങ്ങുന്നത് ആദ്യമാണെന്നും ആദ്യമല്ലെങ്കിൽ അത്യപൂർവ്വമാണെന്നുമൊക്കെുള്ള കുറിപ്പുകളും കമന്റുകളും കണ്ടു. കുറച്ചു സമയം ചെലവാക്കി വിമാന ട്രാക്കിങ് സൈറ്റുകൾ നോക്കുന്ന ആർക്കും ഇതു തെറ്റാണെന്ന് ബോധ്യമാകും. ഇക്കൊല്ലം തന്നെ അമേരിക്കൻ സേനാ വിമാനം ഇന്ത്യയിലിറങ്ങിയതിന്റെ റിക്കോർഡുകൾ ഈ സൈറ്റുകളിൽ നിന്നു തന്നെ കിട്ടും.

ഇനിയും മറ്റൊന്നു കൂടി പറഞ്ഞേക്കാം (ആത്മപ്രശംസയാണ്)- ആ വിമാനം ഇന്ത്യയിലേക്കു പറക്കുന്നത് ലോകത്താദ്യം കണ്ടത് ഈ മാപ്രയായിരുന്നു. വിമാനത്തിന്റെ മൊത്തം റൂട്ട് തപ്പിയെടുത്തതും ഈ ഞ്യാൻ തന്നെ!

Tags:    
News Summary - US military plane took 41 hours to fly, even though it could have arrived in 15 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.