ഖലിസ്താൻവാദികളുടേത് ഭീകരത വളർത്താനുള്ള ശ്രമം; ഇന്ത്യൻ കോൺസുലേറ്റിന് നേരെയുള്ള ആക്രമണം നിന്ദ്യമെന്ന് യു.എസ് എം.പിമാർ

വാഷിങ്ടൺ: ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു അടക്കം ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരായ പ്രസ്താവനക്കും ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും എതിരെ രൂക്ഷ പ്രതികരണവുമായി യു.എസ് കോൺഗ്രസ് പ്രതിനിധികൾ. ശ്രീ താനേദാർ, റിച്ച് മക്കോർമിക്, ബ്രയാൻ ഫിറ്റ്‌സ്പാട്രിക് എന്നിവരാണ് പരസ്യ പ്രതിഷേധം അറിയിച്ചത്. ഖലിസ്താൻവാദികളുടേത് രാജ്യത്ത് ഭീകരത വളർത്താനുള്ള ശ്രമമെന്നാണ് കോൺഗ്രസ് പ്രതിനിധികളുടെ പ്രതികരണം.

ഇന്ത്യൻ കോൺസുലേറ്റിന് നേരെയുള്ള ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും അക്രമവും ഭീകരത വളർത്താനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ലെന്നും ശ്രീ താനേദാർ ട്വീറ്റ് ചെയ്തു.

ആക്രമണം നീചവും അസ്വീകാര്യവുമാണെന്ന് റിച്ച് മക്കോർമിക് പ്രതികരിച്ചു. അമേരിക്കക്കാർ തങ്ങളുടെ സഖ്യകക്ഷികൾക്കും ദേശസ്‌നേഹികളായ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും ഒപ്പം നിൽക്കുമെന്നും മക്കോർമിക് ട്വീറ്റ് ചെയ്തു.

അക്രമം നിയമവിരുദ്ധമാണ്, അംഗീകരിക്കാനാവില്ല. ഇന്ത്യൻ കോൺസുലേറ്റിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ബ്രയാൻ ഫിറ്റ്‌സ്പാട്രിക് ആവശ്യപ്പെട്ടു.

ജൂലൈ രണ്ടിനാണ് ഖലിസ്താൻവാദികളുടെ ഒരു സംഘം സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമിച്ചത്. അഗ്നിശമനസേനയുടെ സമയോജിതമായ ഇടപെടലിലൂടെ തീ അണച്ചത് വൻ അപകടം ഒഴിവായി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ സംഭവിച്ചില്ല.

ഇന്ത്യൻ കോൺസുലേറ്റ് ആക്രമണത്തെ യു.എസ് ശക്തമായാണ് അപലപിച്ചത്. യു.എസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കോ ​​വിദേശ നയതന്ത്രജ്ഞർക്കോ നേരെയുള്ള അക്രമണം ക്രിമിനൽ കുറ്റമാണെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കിയിരുന്നു.

സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ സർക്കാരും ഇന്ത്യ-യു.എസ് സമൂഹവും ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

Tags:    
News Summary - US lawmakers condemned the attempted arson and violent rhetoric aimed at Indian diplomats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.