2024 സെപ്റ്റംബർ ആറിന് കിഴക്കൻ ജാവയിലെ സിറ്റുബോണ്ടോയിൽ ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, യു.എസ് എന്നിവ ഉൾപ്പെടുന്ന ‘സൂപ്പർ ഗരുഡ ഷീൽഡ് 2024’ സംയുക്ത സൈനികാഭ്യാസത്തിനിടെജാവലിൻ ആന്റി ടാങ്ക് ആയുധ സംവിധാനം ഉപയോഗിക്കുന്ന യു.എസ് സൈനികർ |PHOTO-AFP|
ന്യൂഡല്‍ഹി: ഇന്ത്യക്ക് 92.8 മില്യണ്‍ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി യു.എസ്. ജാവലിന്‍ മിസൈലുകള്‍, എക്‌സ്‌കാലിബര്‍ പ്രൊജക്ടൈല്‍സ് തുടങ്ങി ആധുനിക ശേഷിയുള്ള ആയുധങ്ങള്‍ കൈമാറാനുള്ള കരാറിനാണ് അംഗീകാരമായത്.
ഇടപാടിന് അനുമതിയുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പൂർത്തിയാക്കി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അംഗീകാരം നൽകിയതായി യു.എസ് ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി(ഡി.എസ്.സി.എ) വ്യാഴാഴ്ച അറിയിച്ചു. തീരുമാനങ്ങൾ യു.എസ് കോൺഗ്രസിനെ അറിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കേഷൻ നൽകിയതായും ഏജൻസി വ്യക്തമാക്കി. ഇന്ത്യയുമായുള്ള നിര്‍ദിഷ്ട ആയുധവില്‍പ്പന ഇരുരാജ്യങ്ങൾക്കുമിടയിൽ തന്ത്രപ്രധാനബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ഡി.എസ്.സി.എ പറഞ്ഞു.
കൂടുതൽ കൃത്യതയും ശേഷിയുമുള്ള ആയുധങ്ങൾ കൈമാറുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുണ്ടായേക്കാവുന്നതുമായ ഭീഷണികളെ നേരിടാൻ ഇന്ത്യയെ സഹായിക്കും. രാജ്യത്തിന് നിലവിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ആയുധങ്ങൾ വിന്യസിക്കാനാവും. ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലകളിലെ പ്രധാന ശക്തിയും പ്രതിരോധ പങ്കാളിയുമായ ഇന്ത്യയുടെ സുരക്ഷ മെച്ചപ്പെടുത്താനും യു.എസ്-ഇന്ത്യ തന്ത്രബന്ധം ശക്തിപ്പെടുത്താനും ഇടപാട് സഹായിക്കുമെന്ന് ഡി.എസ്.സി.എ പ്രസ്താവനയിൽ പറഞ്ഞു.
ടാങ്ക് വേധ മിസൈലായ ജാവലിന്‍ എഫ്ജിഎം-148 മിസൈല്‍, 25 ജാവലിന്‍ ലൈറ്റ് വൈറ്റ് കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍ എന്നിവയാണ് 45.7 മില്യണ്‍ ഡോളറിന്റെ ആദ്യ പാക്കേജിലുള്ളത്. ഇതിനൊപ്പം സാങ്കേതിക സഹായങ്ങളടക്കമുള്ള അനുബന്ധസേവനങ്ങളും ഉള്‍പ്പെടുന്നു. എക്‌സ്‌കാലിബര്‍ പ്രൊജക്ടൈലുകളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളും അടങ്ങിയതാണ് രണ്ടാമത്തെ പാക്കേജ്. ഇതിന് ഏകദേശം 47.1 മില്യണ്‍ ഡോളര്‍ വിലവരുമെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
താരിഫ് യുദ്ധത്തിന് പിന്നാലെ, ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിൽ അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യു.എസ് ആയുധ ഇടപാടിന് അംഗീകാരം നൽകുന്നത്. കഴിഞ്ഞ ദിവസം യു.എസിൽ നിന്ന് പാചകവാതകം ഇറക്കുമതി ചെയ്യാനുള്ള കരാറിന് ഇന്ത്യ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.