അന്ന് നീർജ ഭാനോട്ട്, ഇന്ന് സ്മിത് മച്ചാർ...
ന്യൂഡൽഹി: വിമാനത്തിൽ സഹ പൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിനിരയായിട്ടും യാത്രക്കാരെയും വിമാനത്തെയും സുരക്ഷിതമക്കിയതിലുടെ സ്മിത് മച്ചാർ ലോകനേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങുമ്പോൾ മറ്റൊരുപേരും കൂടി ചർച്ചയായിരിക്കുകയാണ്- നീർജ ഭാനോട്ട്. യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ വർഷങ്ങൾക്ക് മുമ്പാണ് ഇവർ കൊല്ലപ്പെടുന്നത്.
1986 സെപ്റ്റംബർ അഞ്ചിനാണ് മുംബൈയിൽനിന്ന് ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക് വഴി കറാച്ചിയിലെത്തിയ പാൻ ആം ഫ്ലൈറ്റ് 73 വിമാനം നാല് ആയുധധാരികൾ ഹൈജാക്ക് ചെയ്തത്. നൂറുകണക്കിന് യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന വിമാനത്തിൽ 17 മണിക്കൂർ നീണ്ട ഭീകരാന്തരീക്ഷമായിരുന്നു.
സംഭവം ആദ്യം മനസ്സിലാക്കിയ നീർജ ഭാനോട്ട് കോക്ക്പിറ്റ് ജീവനക്കാരെ ഹൈജാക്ക് കോഡ് ഉപയോഗിച്ച് വിവരം അറിയിച്ചു. ഇത് പൈലറ്റമാർക്ക് കോക്ക്പിറ്റ് ഹാച്ചിലൂടെ രക്ഷപ്പെടാനും വിമാനം പറന്നുയരുന്നത് തടയാനും 350 ഓളം യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും സഹായകമായി. തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും പൂർണ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു.
രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് കുട്ടികളെ വെടിയുണ്ടകളിൽനിന്ന് രക്ഷിക്കാൻ സ്വന്തം ശരീരം മറയായി പിടിച്ച നീർജക്ക് വെടിയേറ്റു. അവരുടെ 23ാം ജന്മദിനത്തിന് രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം. 1987ൽ രാജ്യം അവർക്ക് മരണാനന്തര ബഹുമതിയായി ‘അശോക ചക്ര’ നൽകി ആദരിച്ചു. ഈ രാജ്യത്തിന്റെ പരമോന്നത സമാധാനകാല ധീരതക്കുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ വനിതയുമാണ് നീർജ ഭാനോട്ട്.
നീർജയുടെ അതേ സമാനമായ സാഹചര്യം 2026 സെപ്റ്റംബർ 30നാണ് സ്മിത് മച്ചാർ നേരിട്ടത്. കാപ്റ്റൻ മച്ചാറിന്റെ സഹപൈലറ്റ് അദ്ദേഹത്തെ ആക്രമിച്ച് കുത്തുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ബോയിങ് 737 വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങി.
പരിക്കേറ്റിട്ടും തളരാത്ത മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയും അക്രമിയെ കീഴ്പ്പെടുത്താൻ സഹായിക്കുകയും ചെയ്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിടുകയും പരിക്കേറ്റ മച്ചാറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.