ഇന്ധനം തീർന്ന് വഴിയിൽനിന്ന ആംബുലൻസിന് പെട്രോൾ നൽകിയില്ല; യു.പിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

ലഖ്നോ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ആംബുലൻസിന് ഇന്ധനം നൽകാൻ പമ്പ് അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന്, ആശുപത്രിയിലെത്തിക്കാൻ വൈകിയ രോഗി മരിച്ചു. ബൈരിയ പാണ്ഡെപൂർ സ്വദേശിയും 50കാരനുമായ ഛത്തു ശർമ്മയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തിൽ ജില്ല സപ്ലൈ ഓഫിസർ ദേവമണ മിശ്ര അന്വേഷണം പ്രഖ്യാപിച്ചു.

ഗുരുതരാവസ്ഥയിലായ ഛത്തുവിനെ സ്വകാര്യ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ധനം തീർന്ന് വാഹനം വഴിയിൽ നിൽക്കുകയായിരുന്നു. തുടർന്ന് സമീപത്തെ തെൻഗ്രാഹി ഗ്രാമത്തിലെ പെട്രോൾ പമ്പിൽ എത്തിയെങ്കിലും ജീവനക്കാർ ഇന്ധനം നൽകാൻ തയ്യാറായില്ല. പെട്രോൾ ലഭിക്കാനില്ലെന്ന് അധികൃതർ പറഞ്ഞതായും ഛത്തുവിന്റെ കുടുംബം പറഞ്ഞു. ഇതോടെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് വഴിമധ്യേ ഛത്തു മരിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

സംഭവം അതീവ ഗുരുതരമാണെന്നും ആംബുലൻസുകൾക്ക് ഇന്ധനം നൽകാൻ പമ്പ് അധികൃതർ ബാധ്യസ്ഥരാണെന്നും ദേവ്മണി മിശ്ര പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ബൈരിയ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ഡി.എസ്.ഒ, അസിസ്റ്റന്റ് ഫുഡ് ഓഫിസർ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - UP man dies after ambulance denied fuel probe ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.