ഗോവയും ഉത്തരാഖണ്ഡും ഇന്ന് വിധിയെഴുതും; യു.പിയിൽ രണ്ടാംഘട്ടം

ന്യൂഡൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി. യു.പിയിലെ 55 നിയമസഭ മണ്ഡലങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പും ഇന്നാണ്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.

ഗോവയിലെ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 301 സ്ഥാനാർഥികളാണ് ഇവിടെ അണിനിരക്കുന്നത്. വികസനവും സുസ്ഥിരതയും നിലനിർത്താൻ ബി.ജെ.പി സർക്കാറിന്‍റെ ഭരണത്തുടർച്ചക്കായി വോട്ടുചെയ്യണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ട്വീറ്റിൽ അഭ്യർഥിച്ചു. 


അതേസമയം, ഗോവയിൽ നിർണായക ശക്തിയാകുമെന്ന് കരുതുന്ന ആം ആദ്മി പാർട്ടി, ഭരണമാറ്റത്തിനായി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു. അഴിമതി നിറഞ്ഞ ഭരണത്തെ ഇല്ലാതാക്കാനും നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്കു വേണ്ടിയും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ അഭ്യർഥിച്ചു. എന്നാൽ 22 ലേറെ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതീക്ഷ പങ്കിട്ടത്.


യു.പിയിൽ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടമാണിന്ന്. 55 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 2.2 കോടി പേർ വോട്ട് രേഖപ്പെടുത്തും. ഈ മാസം 20, 23, 27, മാർച്ച് മൂന്ന്, ഏഴ് എന്നിങ്ങനെയാണ് അവശേഷിക്കുന്ന വോട്ടെടുപ്പ് ഘട്ടങ്ങൾ.

ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ട്. 70 മണ്ഡലങ്ങളിലായി 632 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മണിപ്പൂർ, പഞ്ചാബ് എന്നിവയാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. മണിപ്പൂരിൽ ഫെബ്രുവരി 28, മാർച്ച് അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. 

Tags:    
News Summary - Up Goa Uttarakhand election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.