പ്രതീകാത്മക ചിത്രം

യു.പിയിൽ ലഹരിക്കേസുകളിൽ ഉൾപ്പെട്ട 78.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; 71 പേർ തടങ്കലിൽ

ലഖ്നോ: ഉത്തർപ്രദേശിൽ ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട 78.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി റിപ്പോർട്ട്. 2026 ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 23 വരെ രജിസ്റ്റർ ചെയ്ത 69 കേസുകളിലാണ് നടപടി. ഉത്തർപ്രദേശ് പൊലീസിന്റെയും ആന്റി നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സിന്റെയും നേതൃത്വത്തിലാണ് നടപടി.

ലഹരി മരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുന്നതിൽ മാത്രം ഒതുക്കാതെ, ലഹരിക്കച്ചവടത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളിലേക്കും സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡി.ജി.പി രാജീവ് കൃഷ്ണ വ്യക്തമാക്കി. 2029ഓടെ ഉത്തർപ്രദേശിനെ ലഹരി മുക്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട സ്വത്തുക്കൾക്കെതിരായ നടപടികൾ വർഷങ്ങളായി വർധിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. 2024 ൽ നാല് കേസുകളിലായി ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എ.എൻ.ടി.എഫ് കണ്ടുകെട്ടി. 2025 ൽ 28 കേസുകളിൽ ഏകദേശം 17 കോടി രൂപയും 2026 ൽ 40 കേസുകളിൽ ഏകദേശം 13 കോടി രൂപയുമായി ഉയർന്നു.

ലഹരിക്കടത്ത് ആവർത്തിക്കുന്നവർക്കെതിരെ പി.ഐ.ടി എൻ.ഡി.പി.എസ് നിയമ പ്രകാരമുള്ള തടങ്കൽ നടപടികളും യു.പി പൊലീസ് വർധിപ്പിച്ചതായി പറയുന്നു. 2024ൽ ഏഴ് പേർക്കെതിരെയാണ് ഈ നിയമപ്രകാരം തടങ്കൽ നടപടികൾ ആരംഭിച്ചത്. 2025ൽ ഇത് 19 ആയി. 2026 സെപ്റ്റംബർ 23 വരെ 71 പേർക്കെതിരെ നടപടി ആരംഭിച്ചതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. ലഹരിക്കടത്തുകാരായ ഗുരുമെൽ സിങ്, ഭോല പ്രസാദ്, സഞ്ജീവ് റാണ, വിഭോർ റാണ, ഷെർമാനി പട്ടേൽ, പർമാനന്ദ് എന്ന പപ്പു തുടങ്ങിയവർക്കെതിരെയും പി.ഐ.ടി എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

ലഹരിക്കടത്തിലൂടെ അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന സ്വത്തുക്കൾക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ 68 ഇ, 68 എഫ് വകുപ്പുകൾ പ്രകാരമാണ് നടപടി. അന്വേഷണത്തിനിടെ സ്വത്ത് താൽക്കാലികമായി മരവിപ്പിക്കുകയും തുടർന്ന് നിയമാനുസൃതമായ അന്വേഷണം, വാദം കേൾക്കൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കിയശേഷം സ്ഥിരമായി കണ്ടുകെട്ടുകയും ചെയ്യാമെന്ന് ഡി.ജി.പി രാജീവ് കൃഷ്ണ വ്യക്തമാക്കി. ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയ ആസ്തികളാണ് നടപടിയുടെ പരിധിയിൽ വരുന്നത്. ലഹരിക്കടത്ത് ശൃംഖലയുടെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - UP Seizes Rs 78.5 Crore Assets in Drug Crackdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.