തങ്ങളുന്നയിച്ച സാമ്പത്തിക വിഷയങ്ങൾ മോദി ഏറ്റുപറഞ്ഞു; കോൺഗ്രസ്

ന്യൂഡൽഹി: നികുതി ഇളവുകൾ നൽകിയിട്ടും തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാത്തതും എന്തുകൊണ്ടാണെന്ന് വ്യവസായികളോട് ചോദിച്ചതിലൂടെ ഏറെക്കാലമായി തങ്ങൾ ഉന്നയിക്കുന്ന സാമ്പത്തിക വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏറ്റുപറഞ്ഞുവെന്ന് കോൺഗ്രസ്. ന്യൂഡൽഹിയിൽ ഫിക്കിയുടെ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലൂടെ, കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ വരുമാനം കാര്യമായി വർധിക്കുന്നില്ല, കോർപറേറ്റ് നികുതി കുറച്ചിട്ടും സ്വകാര്യ നിക്ഷേപത്തിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായില്ല, രാജ്യത്ത് ആവശ്യത്തിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രികയിലും ഈ വിഷയങ്ങൾ പ്രധാനമായി ഉൾപ്പെടുത്തിയിരുന്നുവെന്നും അന്ന് പാർട്ടിയുടെ വിമർശനങ്ങൾ തള്ളിക്കളഞ്ഞിരുന്നുവെന്നും കോൺഗ്രസ് ഓർമിപ്പിച്ചു.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികൾക്ക് സർക്കാറിന്‍റെ തന്നെ നയങ്ങളാണ് കാരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ 12 വർഷത്തിനിടെ സാമ്പത്തിക ശക്തി ഏതാനും വലിയ കോർപറേറ്റ് ഗ്രൂപ്പുകളുടെ കൈകളിൽ കേന്ദ്രീകരിക്കാൻ സർക്കാർ അനുവദിച്ചു. വിപണിയിലെ മത്സരം കുറഞ്ഞതോടെ ചെറുകിട വ്യാപാരികളും സാധാരണ ജനങ്ങളും തിരിച്ചടി നേരിട്ടു. രാജ്യത്ത് ഭയത്തിന്റെയും സമ്മർദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതിലൂടെ നിക്ഷേപകരുടെ വിശ്വാസം തകരാറിലായി. നയപരമായ സ്ഥിരതയിലും ഭരണനടപടികളിലും വിശ്വാസമില്ലെങ്കിൽ പുതിയ നിക്ഷേപങ്ങൾ ഉണ്ടാകില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

പ്രസംഗങ്ങളും വ്യവസായികൾക്കുള്ള ഉപദേശങ്ങളും കൊണ്ടുമാത്രം സമ്പദ്‌വ്യവസ്ഥ മുന്നോട്ടുപോകില്ല. ശരിയായ നയങ്ങളും വിശ്വാസപൂർണമായ അന്തരീക്ഷവും ഉത്തരവാദിത്തമുള്ള ഭരണവുമാണ് അതിന് ആവശ്യമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോഡ് നിലവാരത്തിലെത്തിയതായും ഇതിന്റെ ആഘാതം ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നേരിടുന്നതായും കോൺഗ്രസ് വ്യക്തമാക്കി. നിരവധി സംരംഭങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

നികുതി ഇളവ് നൽകിയിട്ടും തൊഴിലും വേതനവർധനവുമില്ലെന്ന് പ്രധാനമന്ത്രി

19ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഫിക്കി ശതാബ്ദി വാർഷിക സമ്മേളനത്തിൽ, നികുതി ഇളവുകൾ നൽകിയിട്ടും സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതും ജീവനക്കാരുടെ വേതനം വർധിപ്പിക്കാത്തതും എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നു.

കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറക്കുകയും 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ഇളവ് നൽകുകയും ചെയ്തിട്ടും കമ്പനികൾ ജീവനക്കാരുടെ എണ്ണമോ ശമ്പളമോ വർധിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ നൽകുന്ന നികുതി ആനുകൂല്യങ്ങളുടെ ഗുണം തൊഴിലാളികളിലേക്ക് എത്തണമെന്നും എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ മാത്രം ആശ്രയിക്കുന്ന രീതി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Modi admits economic issues raised by us: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.