കൃഷിഭവൻ മസ്‍ജിദ് പൊളിക്കുന്നതിന് എതിരായ ഹരജി 23ന് കേൾക്കും

ന്യൂഡൽഹി: നൂറ്റാണ്ടിലേറെ പഴക്കമുള്ള കൃഷിഭവൻ സമുച്ചയത്തിലെ പുരാതന മസ്‍ജിദ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി നവംബർ 23ന് കേൾക്കാമെന്ന് ഡൽഹി ഹൈകോടതി. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായി പള്ളി പൊളിച്ചുമാറ്റാനുള്ള തീരുമാനം ചോദ്യം ചെയ്താണ് മുഹമ്മദ് യാസിർ ഹരജി ഫയൽ ചെയ്തത്. ഇതേ ആവശ്യത്തിൽ മറ്റൊരു ഹരജിയും അടുത്തയാഴ്ച പരിഗണിക്കുന്നുണ്ടെന്ന് ജസ്റ്റിസ് അനീഷ് ദയാൽ അറിയിച്ചു.

ഇപ്പോഴും പ്രവർത്തിക്കുന്ന പള്ളി ഉടൻ പൊളിച്ചു നീക്കുമെന്ന ഭീഷണി നേരിടുകയാണെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ എം. സൂഫിയാൻ സിദ്ദിഖി ബോധിപ്പിച്ചു. എന്നാൽ, നേരത്തെ സമർപ്പിച്ച ഹരജിയുടെ വ്യാപ്തി വർധിപ്പിക്കാനാണ് ശ്രമമെന്നും, തനിക്ക് അധികൃതരിൽ നിന്ന് നിർദേശങ്ങൾ കിട്ടേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷക അറിയിച്ചു. സർക്കാർ കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന സമുച്ചയത്തിൽ ആരാധനാലയത്തിന് അനുമതിയില്ലെന്നും സമുച്ചയങ്ങളുടെ മതനിരപേക്ഷ സ്വഭാവത്തിന് അത് ചേരുന്നതല്ലെന്നും, അതിനാൽ അത് പൊളിച്ചു നീക്കേണ്ടതാണെന്നും കേന്ദ്രം മറ്റൊരു ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കൃഷിഭവൻ സമുച്ചയത്തിലെ 266 ചതുരശ്ര യാർഡ് വിസ്തൃതിയുള്ള മസ്ജിദ് സംരക്ഷിത സ്‍മാരകം അല്ലെങ്കിൽ പോലും, പൊളിക്കാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നാണ് സൂഫിയാൻ സിദ്ദിഖി വാദിച്ചത്. പൊളിക്കാനുള്ള നീക്കം തികച്ചും സ്വേച്ഛാപരമാണ്, അനുവദിക്കാനാകില്ല. മോസ്കിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് 1945ൽ അന്നത്തെ അധികൃതരും ഡൽഹി വഖഫ് ബോർഡും തമ്മിലുള്ള കരാറും അഭിഭാഷകൻ പരാമർശിച്ചു. ജുഡീഷ്യൽ ഇടപെടലിനുള്ള സാധ്യതയിൽ കോടതി വാക്കാൽ സംശയം പ്രകടിപ്പിച്ചു. ഉടമസ്ഥത സംബന്ധിച്ച് തർക്കമൊന്നും ഇല്ലെന്നും, സർക്കാർ അവിടം പുനർവികസിപ്പിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

പള്ളി പൊളിച്ചു നീക്കുന്നതിനുമുമ്പ് അതിന് നിയമപരമായി അവകാശമുണ്ടെന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ടെന്നാണ് പരാതിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. രജിസ്റ്റർ ചെയ്ത കരാർ മാനിക്കപ്പെടണം. വ്യവസ്ഥകൾ പാലിക്കപ്പെടണം. നിയമാനുസൃത നടപടിക്രമം പിന്തുടരുകയും പൊളിക്കുന്നതിന് സ്വതന്ത്ര അതോറിറ്റിയെ ഏൽപിക്കുകയും വേണം. അതുവരെ, ഭരണകൂടത്തിന്‍റെ സൗകര്യത്തിന് മസ്‍ജിദ് ബലികഴിക്കാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ വിശദമാക്കി.

Tags:    
News Summary - Plea against demolition of Krishi Bhavan mosque to be heard on Nov 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.