ലഖ്നോ: മുസ്‍ലിമായതിന്റെ പേരിൽ യുവതിയെ ചികിത്സിക്കാൻ വിസമ്മതിച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ ജാവുൻപുരിലാണ് സംഭവം. ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് മതത്തിന്റെ പേരിൽ യുവതിയെ മാറ്റിനിർത്തിയത് എന്നാണ് പരാതി. പ്രസവത്തിനായാണ് യുവതി ആശുപത്രിയിലെത്തിയത്.
വർഗീയ പ്രശ്നമുണ്ടാക്കരുത് എന്ന് പറഞ്ഞ് യുവതി ഡോക്ടറോട് വിയോജിപ്പ് പരസ്യമാക്കിയിട്ടും ഡോക്ടർ അവഗണിച്ചുവെന്നും പരാതിയുണ്ട്.
ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതുമണിയോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ യുവതിയെ പരിശോധിക്കാൻ എത്തിയില്ല. ചോദിച്ചപ്പോൾ താൻ മുസ്‍ലിംകളെ ചികിത്സിക്കാറില്ലെന്നാണ് ഡോക്ടർ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു.
ഒക്ടോബർ രണ്ടിന് ഇതുസംബന്ധിച്ച വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ ഡോക്ടർ മുസ്‍ലിംകളെ ചികിത്സിക്കാൻ തയാറല്ല എന്നാണ് വിഡിയോയിൽ ഷാമ പർവീൺ ആരോപിക്കുന്നത്. മറ്റൊരു വിഡിയോയിൽ നടന്ന സംഭവങ്ങളെല്ലാം സത്യമാണെന്ന് യുവതിയുടെ ഭർത്താവ് സ്ഥിരീകരിച്ചു. ആ സമയത്ത് ചികിത്സക്കെത്തിയ രണ്ട് മുസ്‍ലിം സ്ത്രീകളെ പരിശോധിക്കാൻ ഡോക്ടർ തയാറായില്ലെന്നും വിഡിയോയിൽ പറയുന്നു.
മുസ്‍ലിം സ്ത്രീകളെ ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുവരരുത് എന്ന് ഡോക്ടർ നഴ്സുമാരോട് പറഞ്ഞതായും പർവീൻ പറയുന്നു.
''ഞാനിവിടെ ബെഡിൽ കിടക്കുകയാണ്. ഡോക്ടർ എന്നെ ചികിത്സിക്കാൻ വന്നില്ല എന്ന് മാത്രമല്ല, മറ്റുള്ളവരോട് എന്നെ ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുവരരുത് എന്ന് നിർദേശിക്കുകയും ചെയ്തു''-പർവീന് വിഡിയോയിൽ പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചിട്ടും പൊലീസിന്റെ ഭാഗത്ത്നിന്ന് നടപടിയൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.