അൽത്താഫിന്‍റെ മാതാവ്​ ഫാത്തിമയും കുടുംബാംഗങ്ങളും

യോഗി പൊലീസിന്‍റെ​ ക്രൂരതക്ക്​ അറുതിയില്ല; കസ്റ്റഡിയിൽ കൊല്ലപ്പെട്ട അൽതാഫിന്​ നീതി തേടി കുടുംബം

ഇന്ത്യയിൽ 'ജയ്​ ഭീം' എന്ന തമിഴ്​ സിനിമ സ​​ൃഷ്​ടിച്ച അലയൊലികൾ തീർന്നിട്ടില്ല. കസ്റ്റഡിയിൽ നിരപരാധികളെ കൊണ്ട്​ കുറ്റം സമ്മതിപ്പിക്കാനും അതിന്​ വഴങ്ങാത്തവരെ കൊന്നുതള്ളാനും മടിക്കാത്ത പൊലീസ്​ ഭീകരത പറഞ്ഞ സിനിമക്ക്​ ഇന്ത്യയിലൊട്ടാകെ വൻ സ്വീകാര്യതയാണ്​ ലഭിച്ചത്​. സിനിമയുടെ പുതുമണം മാറുംമുമ്പ്​ ഇന്ത്യയിലിതാ ഒരു ചെറുപ്പക്കാരൻ അതിക്രൂരമായി കസ്റ്റഡി മരണത്തിന്​ വിധേയനായിരിക്കുന്നു. അതും കുറ്റകൃത്യങ്ങളുടെ തട്ടകമായ ഉത്തർ പ്രദേശിൽ ഇന്ത്യയിലെ ഏറ്റവും ക്രിമിനലുകളായ യു.പി പൊലീസിനാൽ.

'മകൻ ആശുപത്രിയിലാണെന്ന്​ പറഞ്ഞ്​ അവർ ഞങ്ങളെ അവിടേക്ക്​ വിളിച്ചുവരുത്തി. അവിടെ അവന്‍റെ അനക്കമറ്റ ശരീരമാണ്​ കാണിച്ചു തന്നത്​. കുറേ കടലാസിൽ ഒപ്പിട്ടാൽ അവന്‍റെ മയ്യിത്ത്​ വിട്ടുതരാമെന്ന്​ പൊലീസ്​ പറഞ്ഞു. എനിക്ക്​ ഒപ്പിടാനറിയത്തില്ല. എനിക്ക്​ എഴുത്തും വയനയും അറിയില്ല. ഞാൻ അവർ കാണിച്ച പേപ്പറിലൊക്കെ കൈയടയാളം പതിച്ചുനൽകി -കഴിഞ്ഞ ദിവസം യു.പി പൊലീസ്​ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ അൽത്താഫിന്‍റെ പിതാവ്​ ചാന്ദ്​ മിയാൻ പറഞ്ഞതാണിത്​. ഭർത്താവിന്‍റെ ഹേബിയസ്​ കോർപസ് ഹരജിയിൽ ഒപ്പിടാനറിയാതെ അഭിഭാഷകന്​ മുമ്പിൽ പകച്ചുനിൽക്കുന്ന സെങ്കണിയെ​ നമുക്ക്​ ഓർമ വരും. എഴുത്തും വായനയും അറിയാത്തവരെയാണല്ലോ എല്ലാവർക്കും പ്രത്യേകിച്ച്​ പൊലീസിനും പറ്റിക്കാൻ എളുപ്പം.


 


അൽത്താഫ്​

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ കാസ്​ഗഞ്ച്​ പൊലീസ്​ സ്​​റ്റേഷനിലാണ്​ കഴിഞ്ഞ ദിവസം അൽത്താഫ്​ എന്ന 22കാരൻ കസ്റ്റഡിയിൽ മരിക്കുന്നത്​. മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം യുവാവ്​ സെല്ലിലെ ശുചിമുറിയിൽ ജാക്കറ്റിന്‍റെ നാട ഉപയോഗിച്ച് സ്വയം കഴുത്ത്​ മുറുക്കി ആത്മഹത്യ ചെയ്​തു എന്നാണ്​ പൊലീസ്​ പറയുന്നത്​. ഇതിന്‍റെ ഉത്തരം തേടുകയാണ്​ ആ നിരക്ഷര കുടുംബം.

സംഭവം ഇങ്ങനെ:

കാസ്ഗഞ്ച് ജില്ലയിലെ അഹ്​റൊലി നഗ്​ലയിലാണ്​ ചാന്ദ്​ മിയാന്‍റെ കുടുംബം താമസിക്കുന്നത്​. കഴിഞ്ഞ തിങ്കളാഴ്ച പ്രദേശശത്ത പാൽ വിതരണക്കാരനായ, എല്ലാവരും ആദരവോടെ പണ്ഡിറ്റ്​ ജി എന്ന്​ വിളിക്കുന്നയാൾ രണ്ട്​ പൊലീസുകാരുമായി മിയാന്‍റെ വീട്ടിലെത്തി. അൽത്താഫ്​ അപ്പോൾ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പണ്ഡിറ്റ്​ ജിയുടെ 16കാരി മകളെ കാണാനില്ലെന്നും അതിൽ അൽത്താഫിന്​ പങ്കുണ്ടോ എന്ന്​ അന്വേഷിക്കണമെന്നും പൊലീസ്​ അറിയിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കാമെന്ന്​ പറഞ്ഞ്​ അവർ അവനെയും കൂട്ടി പോയി. ഏറെ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന്​ ചാന്ദ്​ മിയാനും ബന്ധുക്കളും കാസ്ഗഞ്ച് പൊലീസ്​ സ്​റ്റേഷനിലെത്തി.

'പൊലീസ്​ ഞങ്ങളെ അവിടെ നിന്നും ആട്ടിയിറക്കി. സ്​റ്റേഷന്‍റെ ഉള്ളിൽനിന്നും അവന്‍റെ കരച്ചിൽ കേൾക്കാമായിരുന്നു. ഞങ്ങൾക്ക്​ ഒന്നും ചെയ്യാനായില്ല -മിയാൻ വിതുമ്പിക്കൊണ്ട്​ പറയുന്നു. സത്യം പറഞ്ഞില്ലെങ്കിൽ പൊലീസ്​ പൊലീസ്​ അവന്‍റെ കഴുത്ത്​ മുറിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയിട്ടാണ്​ പണ്ഡിറ്റ്​ ജി വീട്ടിൽനിന്നും മടങ്ങിയതെന്ന്​ അൽത്താഫിന്‍റെ മാതാവ്​ ഫാത്തിമ പറയുന്നു. അടുത്ത ദിവസം രാവിലെ ഒരു ബന്ധു സ്​റ്റേഷനിലെത്തി ദൂരെ നിന്ന്​ അൽത്താഫിനെ കണ്ടു. അപ്പോൾ പ്രത്യേകിച്ച്​ കുഴപ്പമൊന്നും തോന്നിയില്ല. അടുത്ത്​ ചെല്ലാൻ പൊലീസ്​ സമ്മതിച്ചില്ല.

തുടർന്ന്​ മടങ്ങിപ്പോന്നു. അന്ന്​ വൈകുന്നേരം അഞ്ച്​ മണിക്ക്​ അൽത്താഫിന്​ സുഖമി​െല്ലന്നും അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത്​ സെന്‍ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഒരു അയൽവാസി ചാന്ദ്​ മിയാനോട്​ വന്ന്​ പറഞ്ഞു. മിയാനും ഫാത്തിമയും ബന്ധുക്കളും ഓടിക്കിതച്ച്​ ഹെൽത്ത്​ സെന്‍ററിലെത്തി. അവിടെ ആരും ഇല്ലായിരുന്നു. അൽത്താഫ്​ മരിച്ചതായും ജില്ലാ ആശുപത്രിയിലേക്ക്​ മൃതദേഹം മാറ്റിയതായും അവിടുന്നറിഞ്ഞു. എല്ലാവരും അവിടുന്ന്​ ഓടി ജില്ലാ ആശുപത്രി​യിലെത്തി.

ചാന്ദ്​ മിയാൻ പറയുന്നു:

ഞങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തു​േമ്പാൾ അവിടം നിറയെ പൊലീസ്​ ആയിരുന്നു. അവർ മോർച്ചറിയിൽ കയറ്റി അൽത്താഫിന്‍റെ ചേതനയറ്റ ശരീരം ഞങ്ങൾക്ക്​ കാട്ടിത്തന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം ശുചിമുറിയിൽ അവർ കഴുത്തിൽ കുരുക്കിട്ട്​ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന്​ പൊലീസ്​ പറഞ്ഞു. വലിയൊരു കൂട്ടം പൊലീസ്​ ഞങ്ങളെ വളഞ്ഞു. കുറേ പേപ്പർ ചൂണ്ടിക്കാട്ടിയിട്ട്​ ഇതിൽ ഒപ്പിട്ടാൽ അവന്‍റെ ബോഡി വിട്ടുനൽകാം എന്ന്​ പറഞ്ഞു.

എനിക്ക്​ എഴുത്തും വായനയും അറിയില്ല. ഒപ്പിടാനും അറിയില്ല. വർഷങ്ങൾക്ക്​ മുമ്പ്​ അൽത്താഫ്​ ഓടിച്ച കാർ ഇടിച്ച്​ ഒരാൾ മരിച്ചിരുന്നു. പേപ്പറുകളിൽ ഒപ്പിട്ടാൽ അതിന്‍റെ നിയമ പ്രശ്​നങ്ങളിൽ നി​െന്നാക്കെ ഒഴിവാക്കി തരാം എന്നാണ്​ പൊലീസ്​ പറഞ്ഞത്​. എന്‍റെ മകന്​ ഒരു മാനസിക പ്രശ്​നവും ഇല്ല. രണ്ടര അടി ഉയരമുള്ള വാട്ടർ ടാപ്പിൽ നാട കുരുക്കി മരിച്ചു എന്നാണ്​ പൊലീസ്​ പറയുന്നത്​. എന്തൊരു കള്ളമാണത്​. അഞ്ച്​ ലക്ഷം രൂപ നൽകാമെന്ന്​ പൊലീസ്​ എന്നോട്​ പറഞ്ഞു. അത്​ എന്‍റെ മകന്‍റെ ജീവന്‍റെ പരമാകുമോ?. അവന്​ നീതി കിട്ടണം. അതിനായി ഏതറ്റം വരെയും പോകും.

അൽത്താഫിന്‍റെ വീടിന്​ ചുറ്റും പൊലീസ്​ വലയം ചെയ്​തിരിക്കുകയാണ്​. കുടുംബം പരാതി നൽകിയാൽ എഫ്​.ഐ.ആർ ഇടാൻ തയ്യാറാണെന്ന്​ കാസ്​ഗഞ്ച്​ പൊലീസ്​ സൂപ്രണ്ട്​ റോഹൻ ബോത്​റെ പറഞ്ഞു. അൽതാഫിന്‍റെ മരണത്തിൽ ഉത്തര്‍പ്രദേശ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഉന്നതതല അന്വേഷണം നടത്തി കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കണമെന്നും ഇരയുടെ കുടുംബത്തെ സഹായിക്കണമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്​.പി) നേതാവ് മായാവതി ആവശ്യപ്പെട്ടു. കസ്റ്റഡി മരണം തടയുന്നതിലും പൊലീസിനെ പൊതുജനങ്ങളുടെ രക്ഷകരാക്കുന്നതിലും യു.പി സര്‍ക്കാര്‍ പരാജയമാണെന്നും സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. യു.പി സര്‍ക്കാരിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മനുഷ്യാവകാശം എന്ന് പറയാന്‍ എന്തെങ്കിലും ഉത്തര്‍പ്രദേശില്‍ അവശേഷിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. സമാജ് വാദി പാര്‍ട്ടി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടാണ് അല്‍താഫിനെ ചൊവ്വാഴ്ച കാസ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം, ലോക്കപ്പിലെ ശുചിമുറിയിൽ വെച്ച് ജാക്കറ്റിന്‍റെ നാട ഉപയോഗിച്ച് അല്‍താഫ് കഴുത്ത് ഞെരിച്ച് മരിക്കകുയായിരുന്നുവെന്നാണ് യു.പി പൊലീസ് പറയുന്നത്​. പ്രതിഷേധം കനത്തപ്പോൾ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ യു. പി സര്‍ക്കാര്‍ മജീസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. പതിനാറ് വയസുള്ള പെണ്‍കുട്ടിയെ കാണാതായ കേസിലാണ് 22കാരനായ അല്‍ത്താഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - U.P. ‘custodial death’: family seeks answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.