യു.പിയിൽ ബി.ജെ.പി നേതാവിന്‍റെ കാർ വഴി മുടക്കി; ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ മരിച്ചു

ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് അശ്രദ്ധമായി കാർ പാർക്ക് ചെയ്ത് ആംബുലൻസിന്‍റെ വഴി തടസ്സപ്പെടുത്തി രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു. ബി.ജെ.പി നേതാവ് ഉമേഷ് മിശ്ര കാർ നിർത്തിയിട്ട് ഇറങ്ങിപ്പോയതാണ് രോഗിയുടെ മരണത്തിനിടിയാക്കിയതെന്നാണ് ആരോപണം. ഇതേക്കുറിച്ച് പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും രോഗിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

സുരേഷ് ചന്ദ്ര എന്നയാളാണ് ചികിത്സ കിട്ടാതെ ദാരുണമായി മരിച്ചത്. സുരേഷ് ചന്ദ്രയെ ശനിയാഴ്ച നെഞ്ചുവേദനയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉടൻ തന്നെ ലഖ്‌നൗ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അവിടെ ഉമേഷ് മിശ്ര തന്റെ വാഗൺആർ കാർ റോഡരികിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്ത് പോയതിനാൽ ആംബുലൻസിന് കടന്നു പോകാൻ കഴിഞ്ഞില്ല. അങ്ങനെ ആംബുലൻസ് 30 മിനിറ്റിലധികം അവിടെ കുടുങ്ങി. അതിനിടെ വേദനകൊണ്ട് പുളഞ്ഞ സുരേഷ് ചന്ദ്ര മരിച്ചു.

പിന്നീട് തിരിച്ചെത്തിയ ബി.ജെ.പി നേതാവ് രോഷാകുലനാവുകയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ബി.ജെ.പി നേതാവും ബ്ലോക്ക് തലവനുമായ രാംകിങ്കർ പാണ്ഡെയുടെ സഹോദരനാണ് താനെന്നു പറഞ്ഞ് ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുന്നതും പൊലീസ് കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സമീപവാസികൾ പകർത്തിയ വീഡിയോയിൽ കാണാം.

ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും തന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും തന്നെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുന്നതും വീഡി‍യോയിൽ കാണാം. ഉമേഷ് മിശ്രയുടെ ആക്രോശങ്ങൾക്ക് കുറച്ച് പൊലീസ് ഉദ്യോഗസ്ഥർ സാക്ഷിയായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. തുടർന്ന് ഇയാൾ കാറിൽ സ്ഥലംവിട്ടു. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

Tags:    
News Summary - UP BJP Leader's Car Blocks Ambulance, Killing Patient. He Threatens Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.