കിരൺ റിജിജുവിനെ പൊളിച്ചടുക്കി ധ്രുവ് റാഠി; ‘നിങ്ങളുടെ ഊർജം രാഷ്ട്ര വളർച്ചക്ക് ഉപയോഗിക്കൂ’ എന്ന് ബി.ജെ.പി മന്ത്രി

ന്യൂഡൽഹി: വാക്പോര് തുടർന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജുവും യൂട്യൂബർ ധ്രുവ് റാഠിയും. യു.പി.എ ഭരണകാലത്ത് കോൺ​ഗ്രസ് നടത്തിയിരുന്ന അഴിമതികളെ കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ ശകലം കഴിഞ്ഞ ദിവസം കിരൺ റിജിജു പങ്കുവച്ചിരുന്നു. വിദേശ സ്പോൺസർ ചെയ്ത ആളുകൾക്ക് പോലും അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്ന തലക്കെട്ടോടെയായിരുന്നു റിജിജു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

പുതിയ വീഡിയോ ഇറക്കിയായിരുന്നു സംഭവത്തിൽ ധ്രുവ് റാഠിയുടെ പ്രതികരണം. താൻ കോൺ​ഗ്രസിനെതിരെ വീഡിയോ ചെയ്യുന്നില്ലെന്ന് പറയുന്നവർക്കുള്ള മികച്ച പ്രതികരണമാണ് റിജിജു പങ്കുവെച്ച വീഡിയോ എന്നായിരുന്നു ധ്രുവ് റാഠിയുടെ പ്രതികരണം. 2015ൽ ബീഫ് കഴിക്കുന്നത് സംബന്ധിച്ച് റിജിജു നടത്തിയ പരാമർശങ്ങളെ കുറിച്ചും റാഠി പങ്കുവെക്കുന്നുണ്ട്.

"റിജിജു പങ്കുവെച്ച വീഡിയോ അന്നത്തെ കാലത്ത് പ്രസക്തമായിരുന്നു. പക്ഷേ കിരൺ ജി, ഇനി പറയാൻ പോകുന്നത് നിങ്ങൾ ശ്രദ്ധിക്കൂ. ബീഫ് പരാമർശം വിവാദമായപ്പോൾ നിങ്ങൾ പറഞ്ഞു നിങ്ങളുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്ന്. 2015 ഡിസംബറിൽ നിങ്ങൾ പറഞ്ഞത് ‘ബീഫ് നിരോധനത്തെ ചോദ്യം ചെയ്യുന്നില്ല, അത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്’ എന്നായിരുന്നു. അത് ശരിയാണെങ്കിൽ ബി.ജെ.പി എന്തിനാണ് പശുവിന്റെയും പോത്തിന്റേയും പേരിൽ വോട്ട് ചോദിക്കുന്നത്? ബീഫ് ഉത്പാദന സ്ഥാപനങ്ങളിൽ നിന്നും എന്തിനാണ് ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിക്കുന്നതെന്ന് നിങ്ങൾക്ക് ചോദിക്കാമോ," ധ്രുവ് റാഠി പറഞ്ഞു. മെഡിക്കൽ ടെസ്റ്റുകളിൽ പരാജയപ്പെട്ട ഫാർമസ്യൂടിക്കൽ കമ്പനികളിൽ നിന്നും ഇലക്ടറൽ ബോണ്ട് എങ്ങനെ ലഭിച്ചുവെന്നും റാഠി ചോദിച്ചു. നരേന്ദ്ര മോദി ജനങ്ങളുടെ ജീവിതം വച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധ്രുവ് റാഠിയുടെ വീഡിയോയെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തിയതോടെ ധ്രുവ് റാഠി കോൺ​ഗ്രസിൻ്റേയും ആം ആദ്മി പാർട്ടിയുടേയും വക്താവാണെന്നായിരുന്നു കിരൺ റിജിജുവിന്റെ പ്രതികരണം.

“നീ മിടുക്കനായ ചെറുപ്പക്കാരനാണ്. നിങ്ങളുടെ ഊർജം രാജ്യത്തിൻ്റെ വളർച്ചക്കായി ഉപയോഗിക്കുക. കൂടുതൽ ജനപ്രിയനാകാൻ മറ്റുള്ളവരെ പഴിചാരേണ്ട ആവശ്യമില്ല. കോൺഗ്രസിൻ്റെയും എ.എ.പിയുടെയും വക്താവായിരിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ ഇന്ത്യയുടെ മികച്ച പ്രതിച്ഛായ സൃഷ്ടിക്കാൻ സാധിക്കുന്ന പോസിറ്റീവ് ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുക,” കേന്ദ്രമന്ത്രി എക്‌സിൽ കുറിച്ചു.

പരാമർശങ്ങളോട് ശക്തമായ മറുപടി ധ്രുവ് റാഠിയും നൽകി. “കിരൺ ജി, നിങ്ങളുടെ പേരിൻ്റെ അർത്ഥം പ്രകാശത്തിൻ്റെ കിരണം എന്നാണ്. ഇരുട്ട് പരത്തുന്നത് നിർത്തുക. ഇലക്ടറൽ ബോണ്ട് ദാനത്തിന് പകരമായി വ്യാജ മരുന്നുകൾ നൽകി നിങ്ങൾ നാട്ടുകാരുടെ ജീവിതം കൊണ്ട് കളിക്കുകയാണ്, അതാണോ രാജ്യത്തിൻ്റെ വളർച്ച? നിങ്ങൾക്ക് നാണമില്ലേ? സത്യസന്ധത പുലർത്താൻ ശ്രമിക്കൂ. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ കഴിയും. നിങ്ങളുടെ ബോസിനും ഇത് ബാധകമാണ്,” അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Union Minister says Dhruv Rathee is spokesperson of Congress; The war of words is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.