മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജറായിരുന്ന ദിശ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെയും മകനും ബി.ജെ.പി എം.എൽഎയുമായ നിതേഷ് റാണെയെയും വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ദിൻദോശി സെഷൻസ് കോടതി വ്യാഴാഴ്ച പൊലീസിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. ദിശ സാലിയാന്റേത് കൊലപാതകമാണെന്ന് വാർത്തസമ്മേളനങ്ങളിൽ ആവർത്തിച്ചതോടെ ദിശയുടെ മാതാവ് വനിത കമീഷന് പരാതി നൽകുകയായിരുന്നു.
കമീഷന്റെ നിർദേശ പ്രകാരമാണ് മൽവണി പൊലീസ് കേസെടുത്തത്. ഇരുവരോടും ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചതോടെ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. 2020 ജൂൺ എട്ടിന് നിശാ വിരുന്നിനിടെ കെട്ടിടത്തിൽ നിന്ന് വീണാണ് ദിശയുടെ മരണം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുടുംബവും ദിശയുടേത് ആത്മഹത്യയാണെന്ന് പറയുന്നു. ഇതിനിടയിലാണ് മഹാരാഷ്ട്ര സർക്കാറിനെ ലക്ഷ്യം വെച്ച് നാരായൺ റാണെ ദിശയുടേത് കൊലപാതകമാണെന്ന് ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.