ഹിമന്ത ബിശ്വ ശർമ്മ
ദിസ്പൂർ: ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന മൂന്നാമത്തെ ബി.ജെ.പി ഭരണസംസ്ഥാനമായി അസം മാറി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടയിലാണ് നിയമസഭയിൽ ഈ ബിൽ പാസാക്കിയത്. ബിൽ കൂടുതൽ പരിശോധനകൾക്കായി ഒരു പ്രത്യേക സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അത് വകവെക്കാതെയാണ് സർക്കാർ ബില്ലുമായി മുന്നോട്ട് പോയത്.
ഏകീകൃത സിവിൽ കോഡ് എന്നത് ബി.ജെ.പിയുടെ മാത്രം അജണ്ടയല്ലെന്നും പണ്ട് കോൺഗ്രസ് പോലും നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു കാര്യമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സഭയിൽ വ്യക്തമാക്കി. ജവഹർലാൽ നെഹ്‌റുവാണ് ഇതിന് ആദ്യമായി തുടക്കമിട്ടതെന്നും ഈ വിഷയം രാഷ്ട്രീയമായി വിഭജിക്കപ്പെടുന്നതിന് എത്രയോ മുൻപ് തന്നെ ഭരണഘടനാ ശില്പികൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിന്മേൽ നിയമസഭയിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. തൃണമൂൽ കോൺഗ്രസ് എം.എൽ.എയായ ഷെർമാൻ അലി അഹമ്മദ് ബില്ലിലെ ചില വ്യവസ്ഥകളിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ ബാല്യവിവാഹം തടയുന്നതിനും ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങളെ താൻ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.സ്ത്രീകളുടെ അവകാശങ്ങളും ലിംഗനീതിയും ഉറപ്പാക്കാനാണ് ഈ നിയമം കൊണ്ടുവരുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത അസമിലെ ഗോത്രവർഗ്ഗക്കാരെ ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നതാണ്. ഗോത്രവർഗ്ഗക്കാർ നൂറ്റാണ്ടുകളായി പിന്തുടരുന്ന പരമ്പരാഗതമായ ആചാരങ്ങളും നിയമങ്ങളും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്നും ഭരണഘടന അവർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ നിയമങ്ങൾ വളരെ സങ്കീർണ്ണമായതിനാൽ, അവരുടെ സ്വയംഭരണാധികാരത്തെ മാനിച്ചുകൊണ്ട് മാത്രമേ നിയമം നടപ്പിലാക്കാൻ സാധിക്കൂ എന്ന യാഥാർത്ഥ്യം കൂടി ഇത് കാണിക്കുന്നു.വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ലിവിങ് ടുഗെദർ ബന്ധങ്ങൾ എന്നിവയെല്ലാമാണ് ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്. ഇതനുസരിച്ച് ബഹുഭാര്യത്വം നിരോധിക്കുകയും എല്ലാ വിവാഹങ്ങളും ലിവിങ് ടുഗെദർ ബന്ധങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.