ന്യൂഡൽഹി: ഏക സിവിൽ കോഡിന്റെ പ്രാധാന്യവും വൈകാരികതയും കണക്കിലെടുത്ത് വിവിധ വ്യക്തിനിയമങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം അനിവാര്യമാണെന്നും അതിനായി വിഷയം 22ാം നിയമ കമീഷന്റെ പരിശോധനക്കായി വെക്കുകയാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
പാർലമെന്റ് ഒരു നിയമം ഉണ്ടാക്കണമെന്ന് നിർദേശിക്കാൻ സുപ്രീംകോടതിക്ക് അധികാരമില്ലാത്തതിനാൽ, ഏക സിവിൽ കോഡ് വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സമർപ്പിച്ച ഹരജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
രാജ്യത്തെ വ്യക്തിനിയമങ്ങളിൽ ഏകരൂപം വേണമെന്നും വിവാഹം, വിവാഹമോചനം, ജീവനാംശം തുടങ്ങിയവയിൽ ഏകനിയമം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ ആവശ്യം. ഒരു പ്രത്യേക നിയമനിർമാണം നടത്തണമെന്ന് നിയമനിർമാണസഭകളോട് ഉത്തരവിടാനാവില്ലെന്ന് കേന്ദ്രം ബോധിപ്പിച്ചു. ജന പ്രതിനിധികളുടെ നയപരമായ വിഷയമാണത്.
എല്ലാ പൗരന്മാർക്കും ഏകീകൃത സിവിൽ കോഡ് ആകണമെന്നത് ഭരണഘടനയുടെ 44ാം അനുച്ഛേദത്തിലുള്ള മാർഗനിർദേശക തത്ത്വങ്ങളിൽപെട്ടതാണെന്ന് ഇതിനായി നാലു പൊതുതാൽപര്യ ഹരജികൾ സമർപ്പിച്ച അശ്വിനി കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇദ്ദേഹത്തെ പിന്തുണച്ച് ലുബ്ന ഖുറൈശി, ഡോറിസ് മാർട്ടിൻ എന്നീ പേരുകളിൽ രണ്ടു ഹരജികളുമെത്തിയിട്ടുണ്ട്.
'മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്ന ഭരണഘടനയുടെ ആമുഖത്തിലുള്ള ലക്ഷ്യം ശക്തിപ്പെടുത്തുകയാണ് ഭരണഘടനയുടെ 44ാം അനുച്ഛേദത്തിന്റെ ഉദ്ദേശ്യമെന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. വ്യത്യസ്ത വ്യക്തിനിയമങ്ങളാൽ ഭരിക്കപ്പെടുന്ന സമുദായങ്ങളെ പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ഇന്ത്യയുടെ അഖണ്ഡത സാധ്യമാക്കാനുള്ള വ്യവസ്ഥയാണിത്.
വിഷയത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ബോധവാന്മാരാണ്. വിവിധ കക്ഷികളിൽനിന്ന് അഭിപ്രായം സമാഹരിച്ച് 21ാം നിയമ കമീഷൻ ഇക്കാര്യം പരിശോധിച്ചിട്ടുണ്ട്. എന്നാൽ, കമീഷന്റെ കാലാവധി 2018 ആഗസ്റ്റിൽ അവസാനിച്ചതിനാൽ വിഷയം 22ാം നിയമ കമീഷനു മുന്നിൽ വെക്കും. ഈ കമീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ വിഷയം ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് പരിശോധിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഡൽഹി ഹൈകോടതി മുമ്പാകെയും ഏക സിവിൽ കോഡിനായുള്ള ഹരജികൾ നിലവിലുണ്ട്. അവിടെയും കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.