കോടതി സമുച്ചയത്തിലെ ലോക്കപ്പിൽ വിചാരണത്തടവുകാരനെ സഹതടവുകാർ മർദിച്ചു കൊന്നു

ന്യൂഡൽഹി: സാകേത് കോടതി സമുച്ചയത്തിൽ 34 ദൃക്‌സാക്ഷികളുടെ കൺമുന്നിൽ വെച്ച് 24 വയസ്സുള്ള വിചാരണത്തടവുകാരൻ കൊല്ലപ്പെട്ടു. കോടതി ലോക്കപ്പിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ പൊലീസ് നോക്കിനിൽക്കെയാണ് സംഭവമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച കോടതിയിൽ ഹാജറാക്കാൻ ഒരുങ്ങുന്നതിനിനെ ലോക്കപ്പ് ബ്ലോക്കിനുള്ളിൽ വെച്ച് അമൻ പോദറിനെ രണ്ട് സഹതടവുകാർ ആക്രമിക്കുകയായിരുന്നു. പ്രതികളായ ജിതേന്ദർ സിങ്ങും ജയ്ദേവ് ചന്ദും പോദറിനെ ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് അയാൾ ചുമരിൽ തലയിടിച്ച് വീണു. തുടർന്ന് സിങ് തറയിൽ കിടന്ന ഇരയുടെ കഴുത്തിൽ കാൽ കൊണ്ട് അമർത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. 

പൊലീസ് വാതിൽ തുറന്ന് പോദാറിനെ പുറത്തെടുത്തപ്പോഴേക്കും ഗുരുതര പരിക്കുകൾ പറ്റിയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഗോവിന്ദ്പുരി നിവാസിയായ അമൻ പോദർ കൊലപാതകക്കേസിൽ 2017 മുതൽ ജയിലിലാണ്.

2024ൽ ജയിലിന് പുറത്തായിരുന്നപ്പോൾ നടന്ന ഒരു ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദറും അമനും തമ്മിൽ പഴയ ശത്രുതയുണ്ടായിരുന്നു. ആ സമയത്ത് പോദർ ജിതേന്ദറിനെ കത്തികൊണ്ട് ആക്രമിച്ചിരുന്നുവെന്ന് സൗത് ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് ചൗഹാൻ പറഞ്ഞു. കസ്റ്റഡി സുരക്ഷയിലെ വീഴ്ചയും ശത്രുതയുള്ള രണ്ട് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാൻ അനുവദിച്ചതിലൂടെ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൽ പൊലീസിന്റെ വീഴ്ചയും കേസ് എടുത്തുകാണിക്കുന്നു.

അന്ന് രാവിലെ കോടതിയിൽ ഹാജരാകുന്നതിന് മുമ്പ് പ്രതി പോദറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതി സമുച്ചയത്തിൽ ഒരേ ലോക്കപ്പിൽ എത്തിയപ്പോൾ അവർക്ക് അടിക്കാൻ അവസരം ലഭിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കസ്റ്റഡിയിലെ വീഴ്ചകൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Under-Trial Prisoner Killed by Two Inmates at Saket Court Lock-Up Spotlighting Lax Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.