ആംബുലൻസിന് നൽകാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്, സംഭവം ഒഡിഷയിൽ

ബലാസോർ: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്. പതിനേഴ് വയസ്സുകാരിയായ മകളുടെ മൃതദേഹം ഏഴ് കിലോമീറ്റർ റിക്ഷയിൽ ചുമന്നാണ് ബലാസോറിലെ കമ്മ്യൂനിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചത്. ഒഡിഷയിലെ ഡ്യൂല ഗ്രാമത്തിലാണ് സംഭവം.

മാനസിക പ്രശ്നമുള്ള ആശ ബിന്ധാനിയെ ആത്മഹത്യ ചെയ്ത നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിതാവ് മധു ബിന്ധാനിയെയും പൊലീസിനെയും വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിതാവ് ആംബുലൻസ് സർവീസുമായി ബന്ധപ്പെട്ടങ്കിലും 1200 രൂപ ചാർജ് ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ മധുവിന്‍റെ കയ്യിൽ ആവശ്യപ്പെട്ട തുക നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ 108ൽ വിളിച്ചു. എന്നാൽ മൃതദേഹം എത്തിക്കാൻ കഴിയില്ല എന്നായിരുന്നു മറുപടി.

തുടർന്ന് പ്രദേശവാസികളോട് സാമ്പത്തിക സഹായം അപേക്ഷിച്ചെങ്കിലും ആരും നൽകാൻ തയാറായില്ല. പ്രദേശവാസികളിൽ ഒരാൾ തന്‍റെ സൈക്കിൾ റിക്ഷ നൽകിയതിനാൽ ഏഴ് കിലോമീറ്റർ അകലെയുള്ള ബലാസോറിലെ ബലിയപാലിലെ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരികെ റിക്ഷയിൽ ഗ്രാമത്തിലേക്ക് എത്തിക്കുകയും ചെയ്തു. മധു തന്‍റെ മകളുടെ മൃതദേഹം വഹിച്ച് പോകുന്നതിന്‍റെ ദൃശ്യങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

ആംബുലൻസ് ലഭ്യമല്ലാത്തപ്പോൾ മൃതദേഹം സൈക്കിൾ റിക്ഷയിൽ കൊണ്ടുപോകാൻ സന്നദ്ധത പ്രകടിപ്പിച്ചത് മധു ബിന്ധാനിയാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പാനിമാനി സോറൻ അവകാശപ്പെട്ടു.

'സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ ബലിയപാലിലെ തഹസിൽദാറും ബി.ഡി.ഒയും ഡ്യൂലയിലെ സർപഞ്ചുമായും പി.ഇ.ഒയുമായും ഏകോപിപ്പിച്ച് സംസ്‌കാരത്തിനായി ഒരു വാഹനം ഏർപ്പാട് ചെയ്തു. റെഡ് ക്രോസ് ഫണ്ട് വഴി ഹരിശ്ചന്ദ്ര യോജന പ്രകാരം കുടുംബത്തിന് 10,000 രൂപ ധനസഹായം നൽകിയിട്ടുണ്ട്'- ബാലസോർ കളക്ടർ സൂര്യവംശി മയൂർ വികാസ് പറഞ്ഞു.

Tags:    
News Summary - Unable to afford ambulance man carries daughter body on trolley rickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.