ഡൽഹിയിലെ കൂട്ട കസ്റ്റഡി: ആശങ്ക അറിയിച്ച് യു.എൻ മനുഷ്യാവകാശ കമ്മീഷൻ; അസ്ഥാനത്തെന്ന് ഇന്ത്യ

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരിൽ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്നതിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കപ്പെടണമെന്നും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടനടി നിരുപാധികം വിട്ടയക്കണമെന്നും ഇന്ത്യൻ അധികാരികൾ ഉറപ്പാക്കണമെന്ന് യു.എൻ. ബോഡി ആവശ്യപ്പെട്ടു. എന്നാൽ ആശങ്കകൾ "അസ്ഥാനത്താണെന്ന്" വിശേഷിപ്പിച്ച ഇന്ത്യ, അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രസ്താവന തള്ളി. ഇത് ഇന്ത്യയുടെ "ആഭ്യന്തര കാര്യങ്ങളിലുള്ള ആവശ്യമില്ലാത്ത ഇടപെടലാണെന്നും" ഇന്ത്യൻ അധികൃതർ ആരോപിച്ചു.

യു.എൻ. മനുഷ്യാവകാശ കമ്മീഷൻ വക്താവ് തമീൻ അൽ-ഖീതൻ ആണ് സമരങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ നടപടിയിൽ ആശങ്ക അറിയിച്ച് പ്രസ്താവന ഇറക്കിയത്. “ഡൽഹിയിൽ ഇന്നത്തെ വലിയ തോതിലുള്ള പ്രകടനങ്ങളിലും അതിന് മുമ്പും, പ്രക്ഷോഭകരെയും നേതാക്കളെയും സിവിൽ സൊസൈറ്റി സംഘടനകളിലെ അംഗങ്ങളെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങളെ ആശങ്കപ്പെടുത്തുന്നു,” തമീൻ അൽ-ഖീതൻ പറഞ്ഞു.

പ്രതിഷേധക്കാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട കമ്മീഷൻ, സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ആവശ്യകതയുടെയും അനുപാതികതയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടു.പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ സംയമനം പാലിക്കണമെന്നും പ്രകടനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ ആവശ്യകതയുടെയും അനുപാതികതയുടെയും പരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യു.എൻ മനുഷ്യാവകാശ വക്താവ് തമീൻ അൽ-ഖീതൻ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടനടി നിരുപാധികം വിട്ടയക്കണമെന്നും പ്രതിഷേധക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അധികാരികൾ അർത്ഥവത്തായ ചർച്ചകൾ നടത്തണമെന്നും യു.എൻ മനുഷ്യാവകാശ ഓഫീസ് നിർദേശിച്ചു.

എന്നാൽ ഇതിനെ തള്ളിയ ഇന്ത്യ, മറ്റ് സ്ഥലങ്ങളിലെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും തുല്യമായ ശ്രദ്ധ നൽകാൻ അന്താരാഷ്ട്ര ഏജൻസിയോട് ആവശ്യപ്പെട്ടു.വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) സംബന്ധിച്ച ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജന്തർ മന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് തടയുന്നതിനാണ് ഡൽഹി പോലീസ് ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ, മോദി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന യൂട്യൂബർ ധ്രുവ് റാഠി തുടങ്ങിയവരെ അജ്ഞാത കേന്ദ്രങ്ങളിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്താനും തടയാനുമായി റോഡ്, റെയിൽ ഗതാഗതമടക്കം തടഞ്ഞ്, യുദ്ധസമാന സുരക്ഷാ സന്നാഹമാണ് ഡൽഹിയിൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ, മമതാ ബാനർജി എന്നിവരുൾപ്പെടെ ആയിരത്തിലധികം പേരെ ദേശീയ തലസ്ഥാനത്തുടനീളം കസ്റ്റഡിയിലെടുത്തിരുന്നു. വിമാനത്തിൽ നിന്നാണ് സി.ജെ.പി അംഗങ്ങളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ദേശീയ തലസ്ഥാനത്തെ 45 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടഞ്ഞുകിടക്കുകയാണ്.

Tags:    
News Summary - UN human rights body expresses concern over Delhi detentions- India rejects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.