യുദ്ധസന്നാഹവുമായി ഡൽഹി പൊലീസ്; പെൺകുട്ടികളടക്കം സമരക്കാരെ ക്രൂരമായി ആക്രമിച്ച് ഹിന്ദുത്വ വാദികൾ
ന്യൂഡൽഹി: ‘പാറ്റ’കളെ ജന്തർ മന്തറിൽ കടത്തിയാൽ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പോലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട് എന്തുവില കൊടുത്തും ജന്തർ മന്തർ 2.0ന് തടയിടുമെന്ന ദൃഢനിശ്ചയത്തിലാണ് കേന്ദ്ര സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സമരം നേരിടാനുറച്ചത്. 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. പ്രതിഷേധത്തിനെതിരായ കേന്ദ്ര സർക്കാറിന്റെ പ്രതിരോധത്തോട് സഹകരിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വെള്ളിയാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികൾക്ക് കത്തെഴുതി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സി.ജെ.പി അംഗങ്ങളും പിന്തുണക്കാരും ഡൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചേക്കാമെന്നും അവരെ അതത് സംസ്ഥാനങ്ങളിൽ തടയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട നിരവധി സമരക്കാരെ ബി.ജെ.പി സംസ്ഥാനങ്ങളിൽ ട്രെയിൻ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. നൂറുകണക്കിനാളുകളെ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി കസ്റ്റഡിയിലെടുത്തു. സമരക്കാരുടെ ചലനങ്ങൾ നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങൾ പകർത്താനും ഡ്രോണുകളും ബോഡി കാമുകളുമായാണ് ഡൽഹി പൊലീസ് വന്നത്. 300ഓളം ട്രെയിനുകൾ റദ്ദാക്കുകയോ പിടിച്ചിടുകയോ ചെയ്തു.
ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും പൂർണമായും പ്രവർത്തന രഹിതമാക്കി അവിടങ്ങളിലെ എസ്.എച്ച്.ഒ, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ളവരെ ഓരോ പോയന്റിൽ വിന്യാസിച്ചാണ് അഞ്ചും ആറും സുരക്ഷാ പാളികളുള്ള കോട്ടകെട്ടി ജന്തർ മന്തറിലേക്ക് ഒരു സമരക്കാരനെയും അടുപ്പിക്കാതിരുന്നത്. പൊലീസ് അതിക്രമങ്ങളിൽ പരിക്കേറ്റ സമരക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ചികിൽസ നൽകാനോ തയാറായില്ല.
ഇതിന് പുറമെ ഹരിയാനയിലെ ഗോരക്ഷാ പ്രവർത്തകർ അടക്കം നിരവധി ഹിന്ദുത്വവാദികൾ ഡൽഹിയിൽവന്ന് സമരക്കാർക്കനേരെ അക്രമം അഴിച്ചുവിട്ടു. പെൺകുട്ടികളെ വരെ ഇങ്ങനെ ആക്രമിച്ചു. ബംഗ്ലാദേശികൾക്ക് വോട്ടുനൽകാനുള്ളതാണ് സമരമെന്ന് പറഞ്ഞായിരുന്നു ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഹിന്ദുത്വ വാദികളുടെ ആക്രമണം. പൊലീസ് സാന്നിധ്യത്തിൽ ആർ.എസ്.എസ്- ബി.ജെ.പി ഗുണ്ടകൾ നടത്തുന്ന അക്രമത്തിന്റെ ദൃശ്യങ്ങളെന്നുപറഞ്ഞ് കോൺഗ്രസ് ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
എന്നാൽ, പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു ഡൽഹിയൊട്ടുക്കും അരങ്ങേറിയ സമരവേലിയേറ്റം. ജന്തർ മന്തർ കൊട്ടിയടക്കാനായെങ്കിലും പാറ്റ പോലെ സമരക്കാർ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിറഞ്ഞുതുടങ്ങി. സമരക്കാർ വിവിധ ഭാഗങ്ങളിൽനിന്ന് തലപൊക്കി തുടങ്ങിയതോടെ ജന്തർ മന്തറിന് ചുറ്റിലും നിലയുറപ്പിച്ച പൊലീസുകാർ തന്നെ തലങ്ങും വിലങ്ങും ഓടി. ഒരു ദിവസം കൊണ്ട് ഈ സമരം അവസാനിക്കില്ലെന്നാണ് അഭിജീതും നേഹയുമെല്ലാം ശനിയാഴ്ച കസ്റ്റഡിയിലാകുമ്പോൾ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.