‘അവർ ഭീകരരോ തീവ്രവാദികളോ അല്ല'; അഭിജീത് ദീപ്കെയുടെ അറസ്റ്റിനെതിരെ രക്ഷിതാക്കൾ

ന്യൂഡൽഹി : സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിൽ സർക്കാറിനെ വിമർശിച്ച് രക്ഷിതാക്കൾ. മകൻ ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പുതന്നെ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്നിരുന്നുവെന്ന് മാതാവ് അനിത ദീപ്കെ പറഞ്ഞു. രാജ്യത്തെ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുന്ന യുവാക്കൾക്കെതിരെ സർക്കാർ നടപടിയെടുക്കുന്നത് ശരിയല്ലെന്നും അവർ പ്രതികരിച്ചു. പിതാവ് ഭഗവാൻ ദീപ്കെയും പൊലീസ് നടപടിയെ വിമർശിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിലെത്തിയ അഭിജിത് ദീപ്‌കെയെ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മകൻ നേരത്തേ വിവിധ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയെത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്ന് മാതാവ് അനിത പറഞ്ഞു. എവിടെ പോയാലും മകൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയമാണ് തനിക്കെന്ന് അഭിജീതിനോട് പറഞ്ഞിരുന്നതായും അവർ ഓർത്തെടുത്തു. എന്നാൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് അഭിജീത് ഉറപ്പുനൽകിയതായും എന്തു സംഭവിച്ചാലും അത് നല്ലതിനായിരിക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതായും അനിത വ്യക്തമാക്കി. ഒടുവിൽ തന്റെ ആശങ്ക ശരിയായെന്നും അവർ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ വടികളും ഇഷ്ടികകളുമായി കാണുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്തെ ഓർമിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നടക്കുന്നതെന്നും അനിത കൂട്ടിച്ചേർത്തു. മകൻ പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും പ്രതിഷേധത്തിൽ പങ്കെടുക്കാനുമാണ് ഡൽഹിയിലേക്ക് പോയതെന്നും അവർ വ്യക്തമാക്കി. നേരത്തേ അഭിജീതിനെ പാകിസ്താനിയെന്ന് വിളിച്ചുള്ള ആരോപണങ്ങൾ ഉയർന്നതിനെക്കുറിച്ചും അവർ ചോദ്യം ഉന്നയിച്ചു.

അഭിജീതിനെയും മറ്റ് പ്രതിഷേധക്കാരെയും ഭീകരരോ തീവ്രവാദികളോ ആയി കാണാനാകില്ലെന്ന് പിതാവ് ഭഗവാൻ ദീപ്കെ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാനായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാറിനെ ചോദ്യം ചെയ്യാനും പ്രതിഷേധത്തിലൂടെ ആശങ്കകൾ അറിയിക്കാനും പൗരന്മാർക്ക് അവകാശമുണ്ടെന്നും പ്രതിഷേധം നടത്താൻ സർക്കാറിന്റെ അനുമതി തേടേണ്ടിവരുന്നതിനെക്കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തു.

Tags:    
News Summary - Abhijeet Dipke’s Parents Slam Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.