ദീപക് ബാബാരിയ
കോൺഗ്രസ് നേതാവ് ദീപക് ബാബാരിയ അന്തരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമായിരുന്ന ദീപക് ബാബാരിയ (75) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് മരണം. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിന്റെ ചുമതലക്കാരനായും പ്രവർത്തിച്ചിരുന്നു. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിയാണ്. 1970കൾ മുതൽ കോൺഗ്രസിനൊപ്പമുള്ള അദ്ദേഹം ഒരിക്കൽ പോലും തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജനപ്രതിനിധിയായിട്ടില്ല. എപ്പോഴും പാർട്ടിയുടെ പിന്നണിയിൽനിന്ന് സംഘടനയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. 2018ൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിച്ചെടുത്തപ്പോൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കോൺഗ്രസിന്റെ മികച്ച തന്ത്രജ്ഞനായിരുന്ന അദ്ദേഹം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ തയാറാക്കുന്നതിലും പങ്കാളിയായിരുന്നു.
ദീപക് ബാബാരിയയുടെ വിയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അനുശോചിച്ചു. വേർപാട് തന്നെ ഏറെ ദുഃഖിപ്പിക്കുന്നതായും സംഘടനയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകളും എക്കാലവും സ്മരിക്കപ്പെടുമെന്നും എക്സിലെ കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.