സുപ്രീംകോടതിയിലേക്ക് ഇൻഡ്യ മുന്നണി മാർച്ച്; ചീഫ് ജസ്റ്റിസിന് നിവേദനം നൽകും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നിവേദനം സമർപ്പിക്കാൻ ഇൻഡ്യ മുന്നണി. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം സമർപ്പിക്കാനാണ് ഒരുങ്ങുന്നത്.
ഇന്ത്യൻ ജാതിധിപത്യത്തിന്റെ നിലനിൽപ്പിൽ ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും, നരേന്ദ്ര മോദി-അമിത് ഷാ ഭരണകൂടം ആസൂത്രണം ചെയ്ത രാജ്യവ്യാപകമായ വോട്ട് കൊള്ളക്കെതിരെയുള്ള തിങ്കളാഴ്ചത്തെ പ്രതിഷേധ മാർച്ചിൽ അണിചേരണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭ്യർഥിച്ചു.
പരിഭ്രാന്തിയിലായ നേതാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ അദ്ദേഹം ഭയപ്പെടുന്നതായും വേണുഗോപാൽ ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു
‘സുപ്രീംകോടതി മാർച്ചിനുള്ള തയാറെടുപ്പുകൾക്കായി ഇൻഡ്യ മുന്നണിയിലെ വിവിധ നേതാക്കളുമായി സമഗ്രമായ യോഗം നടത്തി. ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ മുന്നണിയിലെ എം.പിമാരും നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ചേർന്ന് വലിയൊരു പ്രതിഷേധ മാർച്ച് നടത്തും. ഈ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ മുതിർന്ന നേതാക്കളുടെ സംഘം സി.ജെ.ഐക്ക് നിവേദനം സമർപ്പിക്കും. ഗ്യാനേഷ് പുറത്തുപോകണം. പിന്നോട്ടില്ല.’ -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സി.ജെ.പി പ്രതിഷേധം നിയന്ത്രിക്കാൻ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് അധികൃതർക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീംകോടതിയിൽ ഹരജി നൽകി.
അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി ഫയൽ ചെയ്ത ഹരജിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ചെയർപേഴ്സൻ ഡി. താര എന്നിവരാണ് എതിർകക്ഷികൾ.
പ്രതിഷേധ പശ്ചാത്തലത്തിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചതിനും ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതിനുമെതിരായ പ്രത്യേക ഹരജി പരിഗണിക്കവേയാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണമായി വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, ജുഡീഷ്യൽ ഉത്തരവും സുപ്രീംകോടതിയിൽ രേഖപ്പെടുത്തിയ ഉറപ്പും ഉണ്ടായിരുന്നിട്ടും അധികൃതർ ബോധപൂർവം റോഡുകളും മെട്രോ സ്റ്റേഷനുകളും അടച്ചിടുകയും ട്രെയിനുകൾ റദ്ദാക്കുകയുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.