ഇന്ത്യക്കെതിരായ മാര്‍ഷല്‍ ദ്വീപുകളുടെ ആണവ കേസ് യു.എന്‍ കോടതി തള്ളി

ഹേഗ്: മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യക്കെതിരെ നല്‍കിയ ആണവ കേസ് യു.എന്‍ ഉന്നത കോടതി തള്ളി. അധികാരപരിധിക്ക് പുറത്താണെന്ന് കാണിച്ചാണ് കേസ് തള്ളിയത്. കൂടുതല്‍ ആണവ നിരായുധീകരണത്തിന് ആണവശക്തികളില്‍ സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ഷല്‍ ദ്വീപുകള്‍ പരാതി നല്‍കിയത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍ വരുന്നതല്ല കേസെന്ന ഇന്ത്യന്‍ വാദം യു.എന്‍ കോടതി അംഗീകരിക്കുകയായിരുന്നു. 1970ലെ ആണവനിര്‍വ്യാപനക്കരാര്‍ പാലിക്കുന്നതിന് ആണവശക്തികള്‍ നടപടിയെടുക്കുന്നില്ളെന്നാണ് മാര്‍ഷല്‍ ദ്വീപുകളുടെ ആരോപണം.  53,000 പേര്‍ താമസിക്കുന്ന മാര്‍ഷല്‍ ദ്വീപുകള്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം യു.എസിന്‍െറ നിരവധി ആണവപരീക്ഷണങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.
ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് മാര്‍ഷല്‍ ദ്വീപുകള്‍ പരാതി നല്‍കിയത്്. എന്നാല്‍ ചൈന, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തര കൊറിയ, റഷ്യ, യു.എസ് എന്നിവക്കെതിരായ കേസ് അവ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍ വരുന്നില്ളെന്ന് വ്യക്തമാക്കി ആദ്യമേ തള്ളിയ കോടതി ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവക്കെതിരായ കേസുകളാണ് പരിഗണനക്കെടുത്തത്. ആണവയുദ്ധം അവസാനിപ്പിക്കാത്തതുവഴി ഇന്ത്യയും പാകിസ്താനും ബ്രിട്ടനും ആണവനിര്‍വ്യാപന കരാര്‍ വ്യവസ്ഥ ലംഘിക്കുകയാണെന്ന് പറഞ്ഞ മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യയും പാകിസ്താനും കരാറില്‍ ഒപ്പുവെച്ചിട്ടേയില്ളെന്നും വ്യക്തമാക്കി.
ദ്വീപസമൂഹത്തിന്‍െറ യഥാര്‍ഥ പോരാട്ടം തങ്ങളുടെ പ്രദേശം ആണവപരീക്ഷണങ്ങള്‍ക്ക് വേദിയാക്കിയ യു.എസുമായാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബ്രിട്ടന്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കെതിരായ കേസ് രണ്ട് ദശാബ്ദമായി മുടങ്ങിക്കിടക്കുന്ന ആണവനിര്‍വ്യാപന ചര്‍ച്ചകളെ വീണ്ടും വെളിച്ചത്തുകൊണ്ടുവരുമെന്നാണ് ദ്വീപുകളുടെ പ്രതീക്ഷയെന്നും വിലയിരുത്തലുണ്ട്.

 

Tags:    
News Summary - UN court rejects nuclear case against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.