തിഹാർ ജയിലിൽ നിന്ന് ഫോൺ ചെയ്യാൻ അനുവാദം നൽകണമെന്ന് ഉമർ ഖാലിദ്

ന്യൂഡൽഹി: ജയിലിൽ നിന്ന് ഫോൺ ചെയ്യാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്‍റെ പേരിൽ​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ വിദ്യാർഥിനേതാവ് ഉമർ ഖാലിദ്. സാധാരണ തടവുകാർക്ക് ദിവസവും ഫോൺ ചെയ്യാൻ നൽകുന്ന അനുമതി തനിക്കും അനുവദിക്കണമെന്നാണ് ആവശ്യം. ഹരജിയിൽ ഡൽഹി കോടതി നാളെ വാദം കേൾക്കും.

2020 മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 31നാണ് തിരികെ ജയിലിലേക്ക് മടങ്ങിയത്. ദിവസവും ഫോൺ ചെയ്യാൻ അനുവദിക്കണമെന്നുള്ള ഉമർ ഖാലിദിന്‍റെ ആവശ്യത്തിൽ കോടതി തിഹാർ ജയിൽ അധികൃതരോട് മറുപടി തേടി.

അതീവ സുരക്ഷാ തടവുകാർക്ക് ഫോൺ ചെയ്യാനുള്ള സൗകര്യം തടഞ്ഞുകൊണ്ട് കഴിഞ്ഞ സെപ്റ്റംബറിൽ തിഹാർ ജയിൽ അധികൃതർ ഉത്തരവിറക്കിയിരുന്നു. രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾ, തീവ്രവാദം, ദേശീയ സുരക്ഷനിയമം, പൊതുസുരക്ഷ നിയമം, ഗുരുതരമായ ഒന്നിലേറെ കുറ്റങ്ങൾ തുടങ്ങിയവ ചുമത്തപ്പെട്ട തടവുകാർക്കാണ് ഫോൺ ചെയ്യാനുള്ള സൗകര്യം നിഷേധിച്ചത്. ഇതിൽ കേസുകൾ പരിഗണിച്ച് ഇളവനുവദിക്കാനുള്ള അധികാരം ജയിലധികൃതർക്കുണ്ട്.

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ കഴിഞ്ഞ ഡിസംബറിൽ ഉമർ ഖാലിദിനെ ഡൽഹി കർക്കഡൂമ കോടതി വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗിലെ കല്ലേറു കേസിലാണ് കുറ്റമുക്തനാക്കിയത്. ഉമർ ഖാലിദിനൊപ്പം വിദ്യാർഥി നേതാവായിരുന്ന ഖാലിദ് സൈഫിനെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

Tags:    
News Summary - Umar Khalid Moves Court to Be Able to Make Daily Calls from Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.