യുക്രെയ്‍ൻ നടൻ അർമെൻ അറ്റൈനെ
മുംബൈ: നിക്ഷേപത്തിന് ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുക്രെയ്‍ൻ സിനിമ താരം അറസ്റ്റിൽ. വൻ സാമ്പത്തിക കുംഭകോണത്തിലെ സൂത്രധാരന്മാരെ സഹായിച്ചതിനാണ് സിനിമ താരം അർമെൻ അറ്റൈനെ മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരന്മാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മുംബൈ പൊലീസ്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുക്രെയ്ൻ പൗരന്മാരായ ആർടെമും ഒലീന സ്റ്റോയിനും പൊലീസ് പിടിയിലാണ്. രത്നക്കല്ലുകൾ, സ്വർണം, വെള്ളി എന്നിവയിലെ നിക്ഷേപത്തിനായി ആളുകളെ എങ്ങനെ ആകർഷിക്കാമെന്ന ഗൂഢാലോചനയിൽ ഇരുവരും പങ്കാളികളാണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുംബൈയിലും പരിസരങ്ങളിലുമായി ആറിടത്ത് ടോറസ് ജ്വലറി ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു. ഔട്ട്‌ലെറ്റുകൾ വഴി രത്നാഭരണങ്ങൾ വിൽപന നടത്തുകയും ബോണസ് സ്കീം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഈ സ്കീം പ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവിന് 10,000 രൂപ വിലയുള്ള മോയ്‌സനൈറ്റ് കല്ലുള്ള പെൻഡന്‍റ് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് നിക്ഷേപകരിൽ നിന്ന് കോടികൾ പിരിച്ചെടുത്ത ശേഷം ജ്വല്ലറി ഉടമകൾ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.