ചെന്നൈ: ലോക്സഭ മണ്ഡല പുനർനിർണയത്തിൽ എൻ.ഡി.എക്കെതിരെ വിമർശനവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥിയുമായ ഉദയനിധി സ്റ്റാലിൻ. ലോക്സഭയിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം 47 ആയി നിശ്ചയിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നേരത്തേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ലോക്‌സഭയിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം 39 ൽ നിന്ന് 59 ആയി ഉയരുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. തിരുപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് തമിഴ്‌നാടും ഡൽഹിയും തമ്മിലുള്ള പോരാട്ടമാണെന്നും ഡി.എം.കെ നേതാവ് വിശേഷിപ്പിച്ചു. ‘പോരാട്ടം തമിഴ്നാടും ഡൽഹിയും തമ്മിലാണ്. ഞങ്ങൾ ആവശ്യപ്പെടുന്ന ഫണ്ട് അവർ നൽകുന്നില്ല. അവർ ഞങ്ങളെ വഞ്ചിക്കുകയാണ്. നമ്മൾ ഒരു മതഭ്രാന്തനായ ഭക്തനെ കണ്ടേക്കാം, പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ഒരു അന്ധമായ വിശ്വസ്തത പുലർത്തുന്നയാളെ കണ്ടിട്ടുണ്ടോ? മണ്ഡല പുനർനിർണയം വഴി അത് 59 ആക്കണമെന്ന് അവർ പറയുന്നു. പക്ഷേ അത് 47 ആയി മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ’ -അദ്ദേഹം പറഞ്ഞു.
അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും അധികാരവും കുറക്കുന്നതിനുള്ള ഒരു ‘വലിയ ഗൂഡാലോചന’ ആണ് ഡീലിമിറ്റേഷൻ ബില്ലിന്റെ നിലവിലെ രൂപമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചു. ബില്ലിന്റെ നിലവിലെ രൂപം ‘പൂർണമായ വഞ്ചന’യാണെന്നും ഇത് പിൻവലിക്കണമെന്നും സ്റ്റാലിൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. പുതുതായി അവതരിപ്പിച്ച ഡീലിമിറ്റേഷൻ കമിഷൻ വഴി ബി.ജെ.പിക്ക് ഇഷ്ടമുള്ള രീതിയിൽ നിയോജകമണ്ഡലങ്ങൾ പുനർനിർമിക്കാനുള്ള അവകാശം ബില്ലിന്റെ ഭാഗമാണെന്നും സ്റ്റാലിൻ പറഞ്ഞു.
മൂന്ന് ബില്ലുകളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന 131ാം ഭരണ ഘടന ഭേദഗതി ബിൽ, മണ്ഡലപുനർനിർണയ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിൽ വനിതാ സംവരണത്തിനുള്ള ഭേദഗതി ബിൽ എന്നിവയിൽ ലോക്സഭയിൽ ചർച്ച തുടരുകയാണ്. 2023ൽ നടപ്പാക്കിയ നാരീശക്തി വന്ദൻ അധിനിയം ഭേദഗതി ചെയ്യാനാണ് പുതിയ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.