സനാതനധർമ പരാമർശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസെടുത്ത് യു.പി പൊലീസ്

ലഖ്നോ: സനാതനധർമ പരാമർശത്തിൽ ഡി.എം.കെ നേതാവും തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും, കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകരായ ഹർഷ് ഗുപ്ത, റാം സിങ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സനാതനധർമത്തെ കുറിച്ച് ഇരുവരും നടത്തിയ പരാമർശങ്ങൾ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സനാതനധർമം ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിനാണ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്. പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയതിനാണ് പ്രി‍യങ്ക് ഖാർഗെക്കെതിരെയുള്ള കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ, 295എ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസും കേസെടുത്തിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. മലേറിയ, കൊറോണ എന്നിവയെപ്പോലെ പകർച്ചവ്യാധിയാണ് സനാതനമെന്നും അത് നിയന്ത്രിക്കുകയല്ല മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Tags:    
News Summary - Udhayanidhi Stalin, Priyank Kharge booked by UP Police over Sanatan Dharma remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.